‘ക്ലാസ്സ്മേറ്റ്സ്’ സിനിമയിലെ റസിയ ആകാൻ വാശിപിടിച്ച കാവ്യ മാധവനെ കുറിച്ച് ലാൽ ജോസ്

മലയാളികൾക്ക് സൗഹൃദത്തിന്റെ ഗൃഹാതുരത ഉണർത്തിയ ചിത്രമാണ് ‘ക്ളാസ്സ്മേറ്റ്സ്’. സൗഹൃദവും പ്രണയവും രാഷ്ട്രിയവും ചർച്ച ചെയ്ത സിനിമ ലാൽ ജോസ് ആണ് സംവിധാനം ചെയ്തത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേയ്ൻ, കാവ്യ മാധവൻ, രാധിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോൾ കാവ്യ മാധവന് നായിക വേഷത്തിലുണ്ടായ ആശങ്കയെ കുറിച്ച് പങ്കു വയ്ക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ചിത്രത്തിന്റെ ഗതി നിർണയിക്കുന്നത് രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രമാണ്.
താര എന്ന കഥാപാത്രത്തിന് നായിക പ്രാധാന്യമില്ല, റസിയ ആയാൽ മതി എന്ന് പറഞ്ഞു ഷൂട്ടിങ്ങിനിടെ കാവ്യ കരയാൻ തുടങ്ങി. റസിയ എന്ന വേഷം പരിചിതമായ മുഖമുള്ള ആൾ ചെയ്താൽ സസ്പെൻസ് ഉണ്ടാകില്ല എന്ന് ലാൽ ജോസ് പറഞ്ഞു. ലാൽ ജോസ് എന്ത് പറഞ്ഞിട്ടും കാവ്യക്ക് കരച്ചിലടക്കാനായില്ല. ദേഷ്യം വന്ന ലാൽ ജോസ് കാവ്യയോട് റസിയയെ മാറ്റാൻ പറ്റില്ല, താര ആകാൻ പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ പറഞ്ഞു. ഇത് കേട്ടതോടെ കാവ്യ പൂർവാധികം ശക്തിയോടെ കരച്ചിൽ തുടങ്ങി.
Read More:സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ചിത്രീകരണത്തിനിടെ പരിക്ക്
ഒടുവിൽ കഥയുടെ ഗൗരവം ഉദാഹരണങ്ങളോടെ പറഞ്ഞു മനസിലാക്കിക്കുകയായിരുന്നു. പക്ഷെ സിനിമ റിലീസ് ചെയ്തിട്ടും കാവ്യ കണ്ടില്ല. ചിത്രം 75 ദിവസങ്ങൾ പിന്നിട്ടപ്പോളാണ് കാവ്യ മാധവൻ തിയേറ്ററിൽ പോയി സിനിമ കണ്ടതും ലാൽ ജോസിനെ വിളിച്ച് ചിത്രം നന്നായെന്ന് പറയുന്നതും. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ലാൽ ജോസ് വ്യക്തമാക്കിയത്.