ഇനി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഡിസ്‌കോ’; പുതിയ ചിത്രം ഒരുങ്ങുന്നു

January 31, 2020

ചലച്ചിത്ര ആസ്വാദകര്‍ക്ക് തികച്ചും വ്യത്യസ്തമയ ആസ്വാദനം സമ്മാനിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഡിസ്‌കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ദ്രജിത് സുകുമാരന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുക.

ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ലാസ് വേഗാസിലായിരിക്കും കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുക. എസ് ഹരീഷാണ് ഡിസ്‌കോ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. യു എസിലെ നേവദയില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ‘ബേര്‍ണിംഗ് മാന്‍’ എന്ന സാംസ്‌കാരിക മേളയാണ് ചിത്രത്തിന്റെ പ്രമേയമെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ‘നായകന്‍’, ‘സിറ്റി ഓഫ് ഗോഡ്’, ‘ആമേന്‍’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ് ‘ഡിസ്‌കോ’.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിക്കുന്ന ‘ചുഴലി’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ‘ചുഴലി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Read more: സിവില്‍ സര്‍വീസ് മെയിന്‍സ് നേടി ബസ് കണ്ടക്ടര്‍, ഐഎഎസ്-ലേക്ക് ഇനി ചെറിയ ദൂരം: സ്റ്റാറാണ് മധു

‘ജല്ലിക്കട്ട്’ ആണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയത്. വിവിധ ചലച്ചിത്രമേളകളിലും തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യമികവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.