‘ഇനി ഒരിക്കലും നടക്കാനോ നൃത്തം ചെയ്യാനോ ഒന്നും സാധിക്കില്ലെന്ന് കരുതിയ സമയം’- ആത്മവിശ്വാസം പകർന്ന വാക്കുകളെക്കുറിച്ച് മഞ്ജിമ മോഹൻ
ബാലതാരമായി സിനിമയിലെത്തി ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് തമിഴ് സിനിമ ലോകത്താണ് സജീവമായത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മിഖായേൽ എന്ന സിനിമയിലൂടെ മഞ്ജിമ മലയാളത്തിലേക്ക് എത്തിയത്. എന്നാൽ ആ സിനിമയിൽ അഭിനയിക്കുമ്പോൾ കടുത്ത ശാരീരിക വൈഷമ്യങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്ന് പറയുകയാണ് മഞ്ജിമ.
കാലിന്റെ പരിക്കിനെ തുടർന്ന് സർജറി നടത്തി വിശ്രമത്തിലായിരുന്നു നടി. ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാനോ അഭിനയിക്കാനോ ഏറ്റവും പ്രിയപ്പെട്ട നൃത്തരംഗത്തേക്ക് തിരികെ വരാനോ സാധിക്കില്ലെന്ന് വിചാരിച്ചിരുന്ന സമയം. അപ്പോഴാണ് ‘മിഖായേൽ’ സംവിധായകന്റെ വിളി വന്നത്. കാലു ശരിയാകും വരെ കാത്തിരിക്കാമെന്നു പറഞ്ഞ ആ വാക്കുകൾ ചെറുതൊന്നുമല്ല മഞ്ജിമയ്ക്ക് ആത്മ വിശ്വാസം പകർന്നത്.
കുടുംബം സപ്പോർട്ട് ചെയ്തിട്ട് പോലും ലഭിക്കാത്ത ആത്മവിശ്വാസം ആ വാക്കുകൾ നൽകി. പിന്നീട് കട്ടിലിൽ നിന്നും എണീറ്റ് നടക്കാനും സെറ്റിൽ എത്താനുമുള്ള ശ്രമമായി. സെറ്റിൽ അണിയറപ്രവർത്തകർ നൽകിയ പിന്തുണയും വലുതായിരുന്നു. ഇപ്പോൾ കാലുകൾ 100 ശതമാനം ബലപ്പെടുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്തതായി മഞ്ജിമ ട്വിറ്ററിൽ കുറിക്കുന്നു.
ഇനി ക്വീൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് മഞ്ജിമയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രം. നൃത്ത വേദികളിലെ സജീവ സാന്നിധ്യമാണ് മഞ്ജിമ.