കിളി പോയ സിജു വില്‍സണ്‍; ശ്രദ്ധേയമായി ‘മറിയം വന്ന് വിളക്കൂതി’ ടീസര്‍

January 6, 2020

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസാണ് ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. തികച്ചും വ്യത്യസ്തവും രസകരവുമായ രീതിയിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും. സിജു വില്‍സണ്‍ ആണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.

Read more: “കുറച്ച് മാത്രം ആഗ്രഹിക്കുക, അല്‍പം മാത്രം ചിന്തിക്കുക…” ആരോഗ്യ രഹസ്യത്തെക്കുറിച്ച് രജനികാന്ത്‌

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് ഇത്. സിജു വില്‍സണ് പുറമെ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഈ മാസം 31 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.