മരട് ഫ്ലാറ്റ് പൊളിക്കൽ സിനിമയ്ക്കായി ചിത്രീകരിച്ച് സംവിധായകർ- ഒരുങ്ങുന്നത് രണ്ട് സിനിമയും ഡോക്യുമെന്ററിയും

January 13, 2020

വൻ ജനപ്രവാഹമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എറണാകുളത്തേക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മരട് ഫ്ലാറ്റ് പൊളിക്കൽ നേരിട്ട് കാണാനായി എത്തിയത്. ഏറെപ്പേർക്കും കൗതുകം നിറഞ്ഞ കാഴ്ചയെങ്കിൽ ചിലർക്കത് വേദനയുടെയും ഹൃദയം തകരുന്നതുമായ കാഴ്ച ആയിരുന്നു. ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന സിനിമാക്കാർ അടക്കമുള്ള ആളുകൾക്ക് അത് നൊമ്പരത്തിന്റെ കാഴ്ച ആയിരുന്നു.

മുന്നിൽ തകർന്നു വീഴുന്ന ഫ്ലാറ്റിന്റെ കാഴ്ച മാധ്യമങ്ങൾക്ക് പുറമെ ചില സംവിധായകരും പകർത്തിയിരുന്നു. പൊളിച്ച ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന സംവിധായകരായ ബ്ലെസ്സി, മേജർ രവി, മരട് ഫ്‌ളാറ്റിനെ കുറിച്ച് സിനിമ തയ്യാറാക്കുന്ന കണ്ണൻ താമരക്കുളം എന്നിവരാണ് ഫ്ലാറ്റ് പൊളിക്കുന്നത് പകർത്തിയത്.

ബ്ലെസ്സി ഡോക്യുമെന്ററി തയ്യാറാക്കാനാണ് ചിത്രീകരിച്ചത്. മേജർ രവി ഫ്ലാറ്റ് പൊളിക്കലിന് പിന്നിൽ പ്രവർത്തിച്ചവരുടെ കഥകൾ പുറത്ത് കൊണ്ടുവരാനായി സിനിമ ചെയ്യുകയാണ്. കണ്ണൻ താമരക്കുളം മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു ചിത്രം.  ‘മരട് 357’ എന്ന ചിത്രത്തിനായുള്ള ദൃശ്യങ്ങളാണ് കണ്ണൻ താമരക്കുളം പകർത്തിയത്.

Read More:കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ

ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ പകർത്താൻ പക്ഷേ കണ്ണൻ താമരക്കുളത്തിനു അനുമതി ലഭിച്ചില്ല. ഈ ഫ്ലാറ്റിൽ താമസിച്ചിരുന്ന വ്യക്തി ആയതിനാൽ മേജർ രവി മാത്രം പൊളിക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ ഷൂട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.