നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക്; ‘ഒരുത്തീ’ ഫസ്റ്റ് ലുക്ക്
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകര്‍ക്കായി പുറത്തുവിട്ടത്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
‘ദി ഫയര്‍ ഇന്‍ യു’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്, കൃഷ്ണപ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
അതേസമയം ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
Read more: ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
ചെറുപ്പം മുതല്ക്കേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. അതേസമയം 2002ല്‍ തിയേറ്ററുകളിലെത്തിയ ‘നന്ദനം’ ആണ് നവ്യ നായരെ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തെ തേടിയെത്തി. അമ്പതിലധികം മലയാള സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്.