‘രാച്ചിയമ്മ’യാകാന്‍ പാര്‍വതി
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന താരമാണ് പാര്‍വതി. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കാറുള്ളതും. പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ‘രാച്ചിയമ്മ’ എന്നാണ് ചിത്രത്തിന്റെ പേര്. മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ രാച്ചിയമ്മ എന്ന കഥാപാത്രമായി പാര്‍വതി എത്തുന്നു.
സാഹിത്യകാരന് ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ‘രാച്ചിയമ്മ’ എന്ന സിനിമ ഒരുങ്ങുന്നത്. പാര്‍വതിക്ക് പുറമെ ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിനു വേണ്ടിയുള്ള പാര്‍വതിയുടെ മേക്ക് ഓവര്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പീരുമേട് ആയിരുന്നു രാച്ചിയമ്മ എന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. 1969-ലാണ് ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ പുറത്തിറങ്ങിയത്. ഇക്കാലയളവിലും രാച്ചിയമ്മ മികച്ച ഒരു കഥയായി നിലനില്ക്കുന്നു.
Read more: രജനികാന്ത് വീണ്ടും പോലീസ് കഥാപാത്രമായതിനെക്കുറിച്ച് സംവിധായകന് എ ആര് മുരുഗദോസ്
അതേസമയം രാച്ചിയമ്മ എന്നത് വിവിധ സംവിധായകര്‍ ചേര്‍ത്തൊരുക്കുന്ന ആന്തോളജി വിഭാഗത്തിലെ ഒരു ചിത്രമാണ്. ആഷിഖ് അബു, രാജീവി രവി, ജെ.കെ എന്നിവരാണ് രാച്ചിയമ്മ ഉള്‍പ്പെടുന്ന ആന്തോളജി വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
ആഷിഖ് അബു സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് ‘പെണ്ണും ചെറുക്കനും’ എന്നാണ്. റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജോജു ജോര്‍ജ്, സംയുക്ത മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്നതാണ് ജെ കെയുടേത്. അതേസമയം രാജീവ് രവി ‘തുറുമുഖം’ എന്ന പുതിയ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആന്തോളജിയിലേക്ക് പ്രവേശിക്കുക.