ഇരട്ട വേഷത്തില്‍ ധനുഷ്; ശ്രദ്ധ നേടി ‘പട്ടാസ്’ ട്രെയ്ലര്
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ധനുഷ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ കേരളക്കരയും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കാറുള്ളത്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പട്ടാസ്’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആക്ഷനും ആകാംക്ഷയും സസ്പെന്‍സും നിറച്ചാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും.
‘പട്ടാസ്’ എന്ന ചിത്രത്തില്‍ അച്ഛന് കഥാപാത്രത്തെയും മകന് കഥാപാത്രത്തെയുമാണ് ധനുഷ് അവതരിപ്പിക്കുന്നത്. ആര് എസ് ദുരൈ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്. സ്നേഹ, തെലുങ്ക് താരം മെഹ്റിന് പിര്‍സദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് മെര്‍വിനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
അതേസമയം ധനുഷ് നായകനായെത്തുന്ന മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘കര്ണ്ണന്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് കര്ണ്ണന് എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത്. രജിഷ വിജയന് പുറമെ മലയാളികളുടെ പ്രിയതാരം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കര്ണ്ണന് എന്ന സിനിമയ്ക്കുണ്ട്.
രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്ണ്ണന്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കര്ണ്ണന് എന്ന ചിത്രത്തെ കാത്തിരിക്കുന്നതും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണന് ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.