പുരുഷൻ എന്നതിന്റെ സങ്കൽപ്പങ്ങളെ അന്വർത്ഥമാക്കുന്ന രൂപത്തിനുടമയാണ് ഹൃത്വിക് റോഷൻ. ഒട്ടേറെ ആരാധകരുള്ള താരത്തിനു 2013ൽ ഷൂട്ടിങ്ങിനിടയിൽ തലക്ക് പരിക്കേറ്റത് വലിയ വാർത്ത ആയിരുന്നു. എല്ലാവരെയും ഒന്നടങ്കം ഈ അപകടം ഞെട്ടിച്ചു. ഹൃത്വിക്കിന്റെ പിറന്നാൾ ദിവസം, അതിനു മുൻപ് തലയ്ക്ക് നടത്തിയ ശസ്ത്രക്രിയയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അമ്മ പിങ്കി റോഷൻ. കണ്ണ് നിറയ്ക്കുന്ന ഒരു കുറിപ്പും ഒപ്പമുണ്ട്.
പിങ്കി റോഷന്റെ കുറിപ്പ്;
‘കനത്ത ഹൃദയത്തോടെയാണ് ഇതുവരെ ആരും കാണാത്ത ഈ ചിത്രങ്ങൾ ഞാൻ പങ്കു വയ്ക്കുന്നത്. അത് ദുഃഖം കൊണ്ടോ, കുറ്റബോധം കൊണ്ടോ അല്ല, ദഗ്ഗുവിന്റെ അമ്മയാകാൻ സാധിച്ചതിലുള്ള സന്തോഷം കൊണ്ടാണ്. അവന്റെ ശസ്ത്രക്രിയയുടെ സമയത്ത് രക്തസമ്മർദ്ദം ഉയർന്നു. പ്രാർത്ഥനയോടെയാണ് സമയം ചിലവഴിച്ചത്. അവനോടുള്ള സ്നേഹവും കരുതലും എന്റെ ഹൃദയത്തെ തളർത്തിയിരുന്നു.
എന്നാൽ ആത്മവിശ്വാസത്തോടെയുള്ള അവന്റെ ചിരിയിൽ എന്റെ ദുഃഖം കുറഞ്ഞു. എന്റെ കണ്ണിലെ വേദന അവൻ വായിച്ചെടുത്തു. ഈ ചിത്രങ്ങൾ കണ്ടാൽ മസ്തിഷ്ക ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന ഒരാളെ പോലെ തോന്നുമോ?ഇല്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ഒരു പോരാളിയെ പോലെയാണ് തോന്നുക. ഒൻപത് മാസം ഞാൻ വയറ്റിൽ ചുമന്നു പ്രസവിച്ച എന്റെ കുഞ്ഞ് ശക്തിയും ആത്മവിശ്വാസവും എനിക്ക് നൽകിയപ്പോൾ ആ നിമിഷം അളവറ്റ അനുഗ്രഹം ഞാൻ പങ്കു വയ്ക്കുകയായിരുന്നു’- പിങ്കി ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.