‘ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’- ‘നാടോടിക്കാറ്റ്’ സിനിമയെ കുറിച്ച് സത്യൻ അന്തിക്കാട്

മലയാള സിനിമയിൽ എക്കാലത്തും എടുത്ത് പറയപ്പെടുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒന്നാണ് ‘നാടോടിക്കാറ്റ്’. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച് തകർത്ത ചിത്രം. ‘പവനായി ശവമായി’ എന്ന സിനിമ ഡയലോഗ് അറിയാത്തവരും ആരുമില്ല. ഒരു പിഴവും കണ്ടുപിടിക്കാനില്ലാത്ത നാടോടിക്കറ്റിൽ താൻ വലിയൊരു കള്ളത്തരം കാണിച്ചിട്ടുണ്ടെന്നു പറയുകയാണ് സത്യൻ അന്തിക്കാട്.
ആദ്യമായാണ് ഇതുവരെ അണിയറപ്രവർത്തകർക്കല്ലാതെ ആർക്കും അറിയാത്ത ആ രഹസ്യം സത്യൻ അന്തിക്കാട് പുറത്ത് വിടുന്നത്. ‘താരങ്ങളുടെ ഡേറ്റ് പ്രശ്നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ എടുത്ത സീന്‍ എഡിറ്റ് ചെയ്ത് ഡബ് ചെയ്ത് ഫിനിഷ് ചെയ്ത് വെച്ചു. തിലകന്‍ചേട്ടന്റെ ഡേറ്റ് പ്രശ്നം കാരണം ക്ളൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ട് മാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിനിടയില്‍ ചാലക്കുടിവെച്ച് തിലകന്‍ചേട്ടന്റെ കാര്‍ ആക്സിഡന്റായി, ഡോക്ടര്‍ മൂന്ന് മാസം അദ്ദേഹത്തിന് റെസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാന്‍ പൊട്ടിയ മട്ടായി. പിന്നീട് തിലകന് ചേട്ടനില്ലാതെ ക്ളൈമാക്സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം.’
‘പവനായിയെ കൊണ്ടുവരാന്‍ അനന്തന് നമ്പ്യാര്‍ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്ളൈമാക്സിലേക്ക് നയിക്കുന്നത്. പക്ഷേ, അത് ചെയ്യാന്‍ തിലകന്ചേട്ടന് വരാന്‍ പറ്റില്ല. ഒടുവില്‍ അനന്തന് നമ്പ്യാരുടെ സഹായിയെക്കൊണ്ട് ഒരു അഡീഷനല്‍ ഡയലോഗ് പറയിച്ചു. ”ഇനി അനന്തന് നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ…” അതായിരുന്നു ആ ഡയലോഗ്. അങ്ങനെ സീനുകള്‍ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്ളൈമാക്സില് അനന്തന് നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ തിലകന്‍ചേട്ടന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.’ സത്യൻ അന്തിക്കാട് പറയുന്നു.
Read More:കൊറോണ വൈറസ്: ഇന്ത്യയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം
മലയാളികൾക്ക് എന്നും ഓർത്ത് ചിരിക്കാനുള്ള നർമ മുഹൂർത്തങ്ങൾ സമ്മാനിച്ചക്ക സിനിമയായിരുന്നു ‘നാടോടിക്കാറ്റ്’. ശ്രീനിവാസൻ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. 33 വർഷങ്ങൾക്ക് ശേഷമാണ് ‘നാടോടിക്കാറ്റ്’ സിനിമയിൽ രഹസ്യം സത്യൻ അന്തിക്കാട് പുറത്ത് വിട്ടത്.