കൊറോണ വൈറസ്: ഇന്ത്യയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം

January 24, 2020

കൊറോണ വൈറസ് ബാധയുടെ കാര്യത്തില്‍ നിലവില്‍ ഇന്ത്യയില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ചൈനയില്‍ നിന്നും കഴിഞ്ഞ 14 ദിവസത്തിനിടെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ എത്തിയവര്‍ 28 ദിവസത്തേക്ക് ബാഹ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ചൈനയില്‍ നിന്നും തൃശ്ശൂരിലെത്തിയ 7 മലയാളികള്‍ കരുതല്‍ നിരീക്ഷണത്തിലാണ്. സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Read more: ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് മോഡലായി; പ്രചോദനം ഈ ജീവിതം

അതേസമയം കൊച്ചി എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ പ്രത്യേക ആരോഗ്യ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി എയര്‍പോര്‍ട്ടില്‍ ഇതിനോടകംതന്നെ 60 വിമാനങ്ങളിലായെത്തിയ പതിമൂവായിരത്തോളം പേരെ പരിശോധിച്ചു. കൊച്ചി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വിവിധ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോറോണ വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിയഞ്ചായി. എന്നാല്‍ ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.