‘ഈ വഴിയേ…’ ആര്‍ദ്രം ദ് കുങ്ഫു മാസ്റ്റര്‍-ലെ ഗാനം: വീഡിയോ

January 29, 2020

പാട്ട്, അത്രമേല്‍ സുന്ദരമായ മറ്റെന്തുണ്ട്. ചില സന്തോഷങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മിക്കാന്‍, മറ്റ് ചില വേദനകളെ ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍ പാട്ടിനെ കൂട്ട് പിടിക്കാറുണ്ട് പലരും. കാലം എത്ര കഴിഞ്ഞാലും സുന്ദര ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ഗാനം.

‘ദ് കുങ്ഫു മാസ്റ്റര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതും. ചിത്രത്തിലെ ‘ഈ വഴിയേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. നിത്യ മാമന്റെ ഭാവാര്‍ദ്രമായ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ശ്രീരേഖ ഭാസ്‌കരന്‍ ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. നിത്യ മാമനൊപ്പം കാര്‍ത്തിക്കും ചേര്‍ന്നാണ് ആലാപനം. ഇഷാന്‍ ഛബ്രയാണ് സംഗീതസംവിധായകന്‍.

Read more: സൂക്ഷിച്ച് നോക്കണ്ട, ഇത് ടൊവിനോ തന്നെയാ; ആദ്യ സിനിമയുടെ ഓര്‍മ്മയില്‍ താരം

‘1983’, ‘ആക്ഷന്‍ ഹീറോ ബിജു’, ‘പൂമരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദ് കുങ്ഫു മാസ്റ്റര്‍’. ‘പൂമരം’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നീത പിള്ളയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പുതുമുഖ നടന്‍ ജിജി സ്‌കറിയ ആണ് ചിത്രത്തിലെ നായകന്‍. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് ചിത്രത്തിന്റെ നിര്‍മാണം.