വാഹനത്തിൽ നിന്നും കരിമ്പ് മോഷ്ടിക്കുന്ന ആനക്കള്ളൻ: കുസൃതി നിറച്ച് വീഡിയോ

February 12, 2020

മനുഷ്യരെപോലെതന്നെ ആനക്കാഴ്ചകൾക്കും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നതും. തലയുയർത്തി നിൽക്കുന്ന ഗജവീരന്മാരോട് ആരാധനയും സ്നേഹവുമൊക്കെ തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പ‍ഞ്ഞമില്ല.

ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.  ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിൽ നിൽക്കുന്ന ആന സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഉത്സവപ്പറമ്പിലും പൂരപ്പറമ്പിലുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഗജവീരന്മാർ മനം നിറയ്ക്കുന്ന മനോഹര കാഴ്ചകളാണ്. ഇപ്പോഴിതാ വികൃതി കാണിക്കുന്ന രണ്ട് ആനകളുടെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ലോറിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ സമീപത്തെ വാഹനത്തിൽ നിന്നും ഭക്ഷണം മോഷ്‌ടിക്കുന്ന ആനക്കള്ളന്മാരാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

തായ് ലൻഡിലെ നഖോൺ സാവൻ എന്ന നഗരത്തിലാണ് സംഭവം അരങ്ങേറിയത്. ലോറിയിൽ ആനകളെ കയറ്റി കൊണ്ടുപോകുന്ന വഴിയിൽ സിഗ്‌നലിൽ നിർത്തിയപ്പോഴാണ് ആനകൾ അടുത്തുള്ള വാഹനത്തിൽ നിന്നും കരിമ്പ് മോഷ്‌ടിച്ചത്. സിഗ്‌നലിൽ കാത്തുകിടന്ന മറ്റൊരു വ്യക്തിയാണ് ഈ വീഡിയോ കാമറയിൽ പകർത്തിയത്. ഫെബ്രുവരി പത്തിന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു.

https://youtu.be/2YsleCQ06t4

അടുത്തിടെ ചക്ക പറിക്കാൻ മതിൽ ചാടുന്ന ആനയും, ആനപാപ്പാനൊപ്പം പൊതിച്ചോറ് പങ്കിടുന്ന ആനയുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒപ്പം ഉത്സവ പറമ്പിൽ കാഴ്ചക്കാർക്ക് ആവേശം പകർന്ന് നൃത്തച്ചുവടുകൾ വയ്ക്കുന്ന ആനയുടെ വീഡിയോയും ആനപ്രേമികൾ ഏറ്റെടുത്തിരുന്നു.