‘എനിക്ക് നഷ്ടമായത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ’; ലൊക്കേഷനിലെ അപകടത്തില്‍ മൂന്ന് പേര് മരണപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കമല്ഹാസന്
കമല്ഹാസന് കേന്ദ്ര കഥാപാത്രമായെത്തുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി താരം. സിനിമയുടെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്.
മൂന്ന് പേര് അപകടത്തില്‍ മരണപ്പെട്ടു. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന് ചന്ദ്രന് (60) എന്നിവരാണ് മരണപ്പെട്ടത്. സംവിധായകന് ശങ്കര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more: അവിനാശിയിലെ കെ.എസ്.ആര്.ടി.സി ബസ് അപകടം; മരണസംഖ്യ 19-ആയി അപകടത്തില്‍പ്പെട്ടവര്‍ കൂടുതലും മലയാളികള്‍
‘ഞാന്‍ നിരവധി അപകടങ്ങളില്‍ പെട്ടിട്ടുണ്ടെങ്കിലും ഈ അപകടം വളരെയധികം ഭയാനകമായിരുന്നു. എന്റെ മൂന്ന് സഹപ്രവര്‍ത്തകരെയാണ് എനിക്ക് നഷ്ടപ്പെട്ടത്. എന്റെ വേദനയെക്കാള്‍ വലുതാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദന എന്നെനിക്ക് അറിയാം. ഞാന്‍ അവരുടെ കുടുംബത്തിന്റെ ഭാഗമാകുകയും വേദന പങ്കുവയ്ക്കുകയും ചെയ്യുന്നു. അവര്‍ക്ക് അനുശോചനം അറിയിക്കുന്നു.’ കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു.