അന്ന് മരണം മുന്നില്‍ കണ്ടപ്പോള്‍ നാസ ശാസ്ത്രജ്ഞരുടെ കണ്ണില്‍ പതിഞ്ഞത് ചന്ദ്രന്റെ ഈ ദൃശ്യങ്ങള്‍; അപൂര്‍വ്വ വീഡിയോ
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ശാസ്ത്രം. പുത്തന്‍ പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞരും. ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആകാശക്കാഴ്ചകള്‍ തേടി ശാസ്ത്രലോകം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ഇപ്പോഴിതാ ശാസ്ത്രലോകത്ത് ശ്രദ്ധ നേടുകയാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നുള്ള ചില അപൂര്‍വ്വ ദൃശ്യങ്ങള്‍.
നാസയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന അപ്പോളോ 13 ദൗത്യത്തിന്റെ യാത്ര പുനഃരാവിഷ്കരിച്ചിരിക്കുകയാണ് നാസ. ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ഹൈ റസലൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ദൗത്യം പുനഃരാവിഷ്കരിച്ചതും അപൂര്‍വ്വ ചിത്രം പകര്‍ത്തിയതും. ചന്ദ്രന്റെ 4 കെ റസലൂഷനിലുള്ള ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
നാസയുടെ അപ്പോളോ സ്പേസ് പ്രോഗ്രാമിലെ മനുഷ്യരുള്‍പ്പെടുന്ന ഏഴാമത്തെ പദ്ധതിയായിരുന്നു അപ്പോളോ 13. 1970- ഏപ്രിലിലായിരുന്നു യാത്രയുടെ തുടക്കം. മനുഷ്യരെ ചന്ദ്രനിലിറക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും പുറപ്പെട്ട പേടകത്തിന്റെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചു. ഇതേത്തുടര്‍ന്ന് മനുഷ്യരെ ചന്ദ്രനിലിറക്കാന്‍ അന്ന് സാധിച്ചില്ല.
Read more: മലിനമായ തെരുവോരങ്ങള്‍ വൃത്തിയാക്കുന്ന ‘സ്പൈഡര്മാന്’: വീഡിയോ
മൂന്ന് ഗവേഷകരായിരുന്നു അന്ന് പേടകത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ ജീവന് പോലും ഭീഷണിയായിരുന്നു ആ ദൗത്യം. എന്നാല്‍ നാസയുടെ കൃത്യമായ ഇടപെടലിലൂടെ പേടകം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കാന്‍ സാധിച്ചു. അപ്പോളോ 13 ദൗത്യം വിജയംകണ്ടില്ലെങ്കിലും പേടകത്തിലുണ്ടായിരുന്ന ഗവേഷകര്‍ക്ക് ചന്ദ്രന്റെ വ്യക്തമായ ദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചു. അന്ന് ഗവേഷകര്‍ കണ്ട കാഴ്ചയാണ് ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ഹൈ റസലൂഷന്‍ ക്യാമറ ഉപയോഗിച്ച് നാസ പുനഃരാവിഷ്കരിച്ചിരിക്കുന്നത്.