ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി ‘അയ്യപ്പനും കോശിയും’; ഫെബ്രുവരി 7 മുതല്‍ തിയേറ്ററുകളിലേക്ക്‌

February 4, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം 7 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.

Read more: “കൊടുങ്ക സാര്‍…” എന്ന് ധ്രുവ് വിക്രം; സ്‌നേഹചുംബനം നല്‍കി വിജയ് സേതുപതി: സ്‌നേഹവീഡിയോ

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.