‘നെടുമുടി വേണുവായി അവസാനിക്കുമായിരുന്ന ഫഹദിനെ അൻവർ റഷീദ് ടീം രക്ഷിച്ചു’- സംവിധായകന്റെ കുറിപ്പ്

February 26, 2020

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’. സ്വാഭാവിക അഭിനയത്തിലൂടെ ശ്രദ്ധ നേടിയ ഫഹദിന്റെ വേഷ പകർച്ചയാണ് /’ട്രാൻസി’ന്റെ പ്രത്യേകത. ‘ട്രാൻസ്’ എങ്ങനെയാണു ഫഹദിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നതെന്ന വ്യത്യസ്തമായ നിരീക്ഷണം പങ്കുവയ്ക്കുകയാണ് സംവിധായകൻ സജീവൻ അന്തിക്കാട്.

സജീവൻ അന്തിക്കാടിന്റെ പോസ്റ്റ്;

‘ട്രാന്‍സ്’ – ഒരു അവസ്ഥ

‘ട്രാന്‍സ്’ വളരെ നല്ല ദൃശ്യാനുഭവം ആയിരുന്നു. ഇഷ്ടപ്പെട്ടു. അതു കണ്ടിറങ്ങിയപ്പോള്‍ പൊടുന്നനെ മനസ്സില്‍ വന്നകാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1) ഫഹദിനെ നമ്മുടെ ചില നല്ല സംവിധായകര്‍ ചേര്‍ന്ന് ഒരു സാധാ നാച്ചുറല്‍ നടനാക്കി മാറ്റിയിരിക്കുകയായിരുന്നു. ആ ടീം തെളിച്ച പാതയില്‍ സ്ഥിരമായി പോയാല്‍ പുള്ളി ഒരു നെടുമുടി വേണുവായി അവസാനിക്കുമായിരുന്നു. അന്‍വര്‍ റഷീദ് ടീം ശരിക്കും ആ കുടുക്കില്‍ നിന്നും അങ്ങേരെ രക്ഷിച്ചുവെന്ന് പറയാം. ഫഹദ് എന്ന നടന്‍ ശരിക്കും ഫഹദ് എന്ന താരമായി മാറുകയാണ് ‘ട്രാന്‍സി’ല്‍. ഇനി വലിയ വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളൊക്കെ ഫഹദിനെ വെച്ച് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയാറായേക്കും.

2) സംവിധായകന്‍ എന്ന നിലയില്‍ ചിലയിടങ്ങളില്‍ അന്‍വറിന്റെ നോട്ടം എത്തിയില്ല എന്ന് തന്നെ പറയാം. ബോംബെയില്‍ വച്ച് ഒരു പരിചയക്കാരിയെ ഫഹദ് കണ്ടുമുട്ടുന്ന രംഗം വളരെയധികം കൃത്രിമമായിപ്പോയി. കഥാഗതിയില്‍ ട്വിസ്റ്റ് വരുത്തുന്ന ഒന്നായിട്ടും അന്‍വര്‍ അത് ശ്രദ്ധിച്ചിട്ടില്ല .

വിനായകന്റെ വരവും കുഞ്ഞിന്റെ മരണവുമെല്ലാം ഫഹദിന്റെ മാനസിക പരിവര്‍ത്തനത്തില്‍ ഒതുക്കേണ്ടതായിരുന്നു. പകരം അയാളെ വാളും കൊടുത്ത് വിട്ടതും അയാള്‍ വില്ലന്‍മാര്‍ സമക്ഷം എത്തിപ്പെട്ടതുമെല്ലാം തീരെ അവിശ്വസനീയമായി തോന്നി. പക്ഷേ അതൊന്നും സിനിമയുടെ മേന്മയെ വലുതായി കുറക്കുന്നില്ല. നസ്രിയ തെറ്റായ കാസ്റ്റിങ് ആയി. എത്ര ബില്‍ഡ് അപ് ചെയ്താലും മലയാളികള്‍ക്കുള്ളില്‍ നസ്രിയ ഫഹദിന്റെ ഭാര്യയായി തന്നെ നിലനില്‍ക്കും. ക്ലൈമാക്‌സ് ചിത്രീകരിക്കാനായി ആസ്റ്റര്‍ഡാം വരെ പോകേണ്ടിയിരുന്നില്ല . കുറച്ച് സെറ്റിട്ടാല്‍ തൃശൂര്‍ ദിവാന്‍ജി മൂലയും പൊളിക്കും.

3) ട്രാന്‍സിലേക്ക് എത്തിച്ചേരുന്ന വ്യക്തിക്ക് മാത്രമെ സുവിശേഷ പ്രാസംഗികനോ ആള്‍ ദൈവമോ ഒക്കെ ആകാനാകൂ. മയക്കുമരുന്നു കൊണ്ടോ എക്‌സ്റ്റേഷണല്‍ സജഷന്‍ കൊണ്ടോ ആയിരിക്കും ഒരു വ്യക്തി ട്രാന്‍സിലേക്കെത്തുന്നത്. ട്രാന്‍സിലെത്തിയ ഒരു ആള്‍ദൈവത്തിന് തന്നെ അഭിമുഖീകരിക്കുന്ന സദസ്സിനെ മൊത്തം ട്രാന്‍സിലെത്തിക്കാന്‍ മയക്കുമരുന്നിന്റെ ആവശ്യമില്ല.

ഇലഞ്ഞിത്തറയില്‍ 300 പേര്‍ ചേര്‍ന്ന് കൊട്ടുന്ന പാണ്ടിമേളത്തിനിടെ ആയിരക്കണക്കിനു പേര്‍ ട്രാന്‍സിലെത്താറുണ്ട്. തെറിപ്പാട്ട് പ്രത്യേക ഈണത്തില്‍ പാടുമ്പോള്‍ ട്രാന്‍സിലെത്തി വാളുകൊണ്ട് തല വെട്ടിപ്പൊളിക്കുന്നവരെ കൊടുങ്ങല്ലൂര്‍ ഭരണിക്കു പോയാല്‍ കാണാം. ഇത്തരത്തില്‍ നോക്കിയാല്‍ ട്രാന്‍സുകള്‍ നമ്മുടെ നാട്ടില്‍ പലവിധമനവധി സുലഭം സുലഭം.

(മനുഷ്യര്‍ എല്ലാവരും ഇത്തിരി ട്രാന്‍സെങ്കിലും ഇഷ്ടപ്പെടുന്നവരാണ്. ജനപ്രിയസിനിമ , ജനപ്രിയസാഹിത്യം , ജനപ്രിയ സംഗീതം എന്നിവയുടെയൊക്കെ ജനപ്രീതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ വന്‍ ജനക്കൂട്ടത്തെ ഒറ്റയടിക്ക് ട്രാന്‍സിലെത്തിക്കാനുള്ള കഴിവായിരിക്കാം ). മതാന്ധത ബാധിച്ച മനുഷ്യര്‍ ‘ട്രാന്‍സ്’ കാണുമ്പോള്‍ തങ്ങള്‍ അകപെട്ടു പോയ ‘ട്രാന്‍സി’നെ പറ്റി ഒരു തിരിച്ചറിവ് കിട്ടുമെങ്കില്‍ ഈ സിനിമ സാമ്പത്തികമല്ലാതെയും വിജയിച്ചു എന്ന് പറയാം.

Read More:അറേബ്യൻ മണ്ണിൽ ആവേശമുണർത്താൻ മഞ്ജു വാര്യരും ‘ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ’ ഷോയിൽ..

നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം ‘ട്രാൻസി’ന്റെ ചിത്രീകരണം നീണ്ടുനിന്നിരുന്നു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.