ആര്‍ദ്രമായി ഹൃദയത്തിലേക്ക്; ശ്രദ്ധ നേടി ‘ഇഷ’യിലെ ഗാനം

February 18, 2020

‘സ്വര്‍ണ്ണക്കടുവ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ ജോസ് തോമസ്. ‘ഇഷ’ എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. നിഗൂഢതകള്‍ നിറച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒരുക്കിയത്. ചിത്രത്തിന്റേതായി അടുത്തകാലത്ത് ഇറങ്ങിയ ട്രെയ്‌ലറും ശ്രദ്ധ നേടി. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ സ്ഥാനംപിടിച്ചിരിക്കുകയാണ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനം.

‘കോടക്കാറ്റേ തരുമോ… ‘എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ആര്‍ദ്രമാണ് ഈ ഗാനം. ജോഫി തരകന്റേതാണ് ഗാനത്തിലെ വരികള്‍. ജോനാഥന്‍ ബ്രൂസ് സംഗീതം പകര്‍ന്നിരിക്കുന്നു. അഖിലയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു ഹൊറര്‍ ത്രില്ലറാണ് ‘ഇഷ’. ‘ഹെര്‍ പ്‌ളേ ഗോട്ട് ഡാര്‍ക്കര്‍’ എന്ന ടാഗ്‌ലൈനോടെയാണ് ‘ഇഷ’ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുക. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

Read more: ‘നവ്യ നായര്‍ ഫസ്റ്റോ, അതോ സെക്കന്‍ഡ് വല്ലോരും വന്നതോ…’ താരത്തെ ചിരിപ്പിച്ച രസികന്‍ ചോദ്യം

ഒരിടവേളയ്ക്ക് ശേഷം കിഷോര്‍ സത്യ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബേബി അവ്‌നി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

വ്യത്യസ്ത കഥാപ്രമേയമുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ജോസ് തോമസ്. ‘മായാമോഹിനി’, ‘ശൃംഖാരവേലന്‍’, ‘മാട്ടുപ്പെട്ടി മച്ചാന്‍’, ‘സാദരം’, ‘ഉദയപുരം സുല്‍ത്താന്‍’, ‘സ്വര്‍ണ്ണക്കടുവ’ എന്നിവയെല്ലാം ജോസ് തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും ‘ഇഷ’ എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.