‘സൗന്ദര്യമുണ്ടോന്ന് നോക്കിയിട്ടൊന്നുമല്ല എനിക്ക് ഇഷ്ടമായത്’ -‘കപ്പേള’ ട്രെയ്‌ലർ

February 19, 2020

അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘കപ്പേള’. പ്രണയവും പ്രതികാരവും വാശിയും നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ‘കപ്പേള’യുടെ ട്രെയ്‌ലർ മോഹന്‍ലാല്‍, മിഥുന്‍ മാനുവല്‍, ഐശ്വര്യ ലക്ഷ്മി, മിയ, നവ്യ നായര്‍, അജയ് വാസുദേവ് തുടങ്ങിയവർ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.

അന്നയ്ക്കും റോഷനുമൊപ്പം മുഖ്യ കഥാപാത്രമായി ശ്രീനാഥ് ഭാസിയുമുണ്ട്. ശ്രീനാഥ് ആദ്യമായി വില്ലൻ വേഷം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘കപ്പേള’. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘കപ്പേള’.

മുഹമ്മദ് മുസ്തഫയ്‌ക്കൊപ്പം നിഖില്‍ വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമിക്കുന്നത് കഥാസ് അണ്‍ടോള്‍ഡ് ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read More:‘ഡയമണ്ട് നെക്ലേസി’ൽ അസ്സിസ്റ്റന്റാകാൻ വന്ന ഫഹദ് ഫാസിൽ നായകനായ കഥ പറഞ്ഞ് ലാൽ ജോസ്

അതേസമയം, അന്നയുടേതായി തിയേറ്ററിൽ ഏറ്റവുമൊടുവിലെത്തിയ ചിത്രമാണ് ‘ഹെലൻ’. ഒട്ടേറെ അംഗീകാരങ്ങൾ ‘ഹെലൻ’ അന്നയ്ക്ക് നേടിക്കൊടുത്തു. റോഷൻ മാത്യു ഒടുവിൽ അഭിനയിച്ചത് ‘മൂത്തോനി’ലാണ്. സ്വവർഗ പ്രണയം ചർച്ചയായ ചിത്രവും മികച്ച അഭിപ്രായം നേടിയിരുന്നു.