പുല്ലാങ്കുഴലില്‍ ‘പൂമുത്തോളേ…’; കൊച്ചുമിടുക്കന്റെ മനോഹര സംഗീതത്തിന് നിറഞ്ഞ കൈയടി

February 28, 2020

‘പൂമുത്തോളേ…’എന്നു തുടങ്ങുന്ന ഗാനം ഹൃദയത്തിലേറ്റിയവരാണ് മലയാളികളില്‍ അധികവും. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഈ ഗാനം അത്രമേല്‍ ജനപ്രിയമാണ്. ദാമ്പത്യസ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഗാനത്തില്‍ എന്നതുതന്നെയാണ് ഈ ഗാനത്തെ അത്രമേല്‍ ശ്രദ്ധേയമാക്കിയത്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് ഈ പാട്ടിന് പുല്ലാങ്കുഴലില്‍ തീര്‍ത്ത ഒരു സംഗീതം.

ഒരു കൊച്ചുമിടുക്കനാണ് ഈ സംഗീതത്തിന് പിന്നില്‍. സ്‌കൂള്‍ അസംബ്ലിയുടെ സമയത്താണ് ഈ മിടുക്കന്‍ മനോഹര സംഗീതം പൊഴിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഈ കുരുന്ന് പാട്ടുകാരന്‍ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആര്‍ദ്രമായ ഈ സംഗീതം നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

2018 നവംബറിലാണ് ‘ജോസഫ്’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ജോജു എത്തിയത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.