‘നവ്യ നായര്‍ ഫസ്റ്റോ, അതോ സെക്കന്‍ഡ് വല്ലോരും വന്നതോ…’ താരത്തെ ചിരിപ്പിച്ച രസികന്‍ ചോദ്യം

February 18, 2020

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിങ് വേളയ്ക്കിടയില്‍ സംഭവിച്ച രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം.

ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ ഒരു ചേട്ടനെത്തി. തന്നെ പരിചയപ്പെടാന്‍ വേണ്ടി വന്നതാണെന്നു കരുതിയ നവ്യ നായര്‍ അദ്ദേഹത്തിന്റെ അരികിലെത്തി. ഉടനെ ചേട്ടന്റെ ചോദ്യം, ‘മോളെ പേരെന്താ…’ ‘നവ്യ നായര്‍’ എന്ന് താരം മറുപടി നല്‍കി. തൊട്ടുപിന്നാലെ എത്തി അടുത്ത ചോദ്യവും. ‘നവ്യ നായര്‍ ഫസ്റ്റോ, അതോ സെക്കന്‍ഡ് വല്ലോരും വന്നതോ…’ ചിരിച്ചുകൊണ്ട് താരം പറഞ്ഞു, ‘ഇല്ല ചേട്ടാ ഞാന്‍ പഴയ ആളുതന്നെയാ…’ ചേട്ടനൊപ്പം നില്‍ക്കുന്ന സെല്‍ഫിക്കൊപ്പമാണ് രസകരമായ ഈ അനുഭവം നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Shoot @Kumbalangiചേട്ടനൻ :മോളേ പേരെന്താ .. ഞാൻ: നവ്യാ നായർചേട്ടൻ: നവ്യാ നായർ ഫസ്റ്റോ അതോ സെക്കൻട് വല്ലോരും വന്നോ …..

Posted by Navya Nair. on Sunday, 16 February 2020

അതേസമയം വി കെ പ്രകാശ് ആണ് ‘ഒരുത്തീ’ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

അതേസമയം ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

ചെറുപ്പം മുതല്‍ക്കേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. അതേസമയം 2002-ല്‍ തിയേറ്ററുകളിലെത്തിയ ‘നന്ദനം’ ആണ് നവ്യ നായരെ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തെ തേടിയെത്തി. അമ്പതിലധികം മലയാള സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്.