ദാഹിച്ചുവലഞ്ഞ നായയ്ക്ക് വെള്ളം കൈക്കുമ്പിളിൽ കോരി നൽകി വൃദ്ധൻ; ഹൃദ്യം ഈ വീഡിയോ

February 28, 2020

മനുഷ്യനെപോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് സകല ജീവജാലങ്ങളും. ഇപ്പോഴിതാ ദാഹിച്ചുവലഞ്ഞ നായയ്ക്ക് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന വൃദ്ധന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടാപ്പിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരി കൊണ്ടുവന്ന് നൽകുന്നതുവരെ നായ ക്ഷമയോടെ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പത്തൊൻപത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ജീവന്റെയും മൂല്യത്തെക്കുറിച്ച് പറയുന്ന വീഡിയോയെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ട്.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ദ് നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹവും നന്ദിയുമുള്ള ജീവികളിൽ ഒന്നാണ് നായ. അതുകൊണ്ടുതന്നെ നായകളുടെ രസകരമായ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്നതാണ് ഈ സ്നേഹ വീഡിയോ.