വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

February 28, 2020

വാഹനങ്ങളെ മറികടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ചെറുതല്ല. അതുകൊണ്ടുതന്നെ ഓവര്‍ടേക്കിങ് സമയത്ത് വാഹനം ഓടിക്കുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായുള്ള ഓവര്‍ടേക്കിങ് പലപ്പോഴും അപകടത്തിലേക്കാകും നയിക്കുക. ഓവര്‍ടേക്കിങ് സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പരിചയപ്പെടാം.

വാഹനങ്ങളെ മറികടക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

റോഡിന്റെ അവസ്ഥ, പാലം, കയറ്റിറക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചതിനു ശേഷം വേണം ഓവര്‍ടേക്ക് ചെയ്യാനുള്ള തീരുമാനമെടുക്കാന്‍. ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പായി ട്രാഫിക് സിഗ്നലുകള്‍ ശ്രദ്ധിക്കണം. അതുപോലെതന്നെ കൃത്യമായ സിഗ്നലുകള്‍ നല്‍കുകയും വേണം. റോഡ് മാര്‍ക്കിംഗ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓവര്‍ടേക്ക് പാടില്ല എന്ന സിഗ്‌നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കരുത്.

ഓവര്‍ടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നില്‍ക്കൂടി പോകാനുംപാടില്ല. അതുപോലെതന്നെ മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്‍ടേക്ക് ചെയ്യാന്‍. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും അപകടകരമാണ്.

ഓവര്‍ടേക്ക് ചെയ്യുന്ന മറ്റൊരു വാഹനത്തെ പിന്തുടരുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഒരു പക്ഷെ പ്രസ്തുത വാഹനത്തിന്റെ തീരുമാനം മാറുന്നതിനനുസരിച്ച് നമുക്ക് തീരുമാനം മാറ്റാന്‍ സാധിച്ചെന്നു വരില്ല. ഇത് അപകടത്തിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്.

വാഹനത്തിന്റെ വലതുവശത്തുകൂടിയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്. ഇടതു വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ നാലുവരിപ്പാതകളില്‍ വലതുവശത്തെ ലെയിനില്‍കൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന്‍ ഇന്‍ഡിക്കേറ്ററിട്ടാല്‍ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാനുള്ള അനുവാദമുണ്ട്.

Read more: പുല്ലാങ്കുഴലില്‍ ‘പൂമുത്തോളേ…’; കൊച്ചുമിടുക്കന്റെ മനോഹര സംഗീതത്തിന് നിറഞ്ഞ കൈയടി

സീബ്രാ ലൈനില്‍ കാല്‍ നടക്കാര്‍ക്ക് കടന്നുപോകാനായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കരുത്. വളവുകള്‍ക്ക് പുറമെ, റോഡ് കൃത്യമായി കാണാന്‍ സാധിക്കാത്ത അവസരങ്ങളിലും ഓവര്‍ടേക്ക് ചെയ്യുന്നത് നല്ലതല്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ട് ഓവര്‍ടേക്ക് ചെയ്യുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഓവര്‍ടേക്കിങ്ങിനു മുന്‍പായി മിറര്‍ വഴി പിന്‍വശം നിരീക്ഷിക്കുക. പിന്നില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ കൃത്യമായ സിഗ്നല്‍ നല്‍കണം. ഓവര്‍ടേക്കിങിന് മുമ്പ് വലതു വശത്തെ ഇന്‍ഡിക്കേറ്റര്‍ ചുരുങ്ങിയത് മൂന്നു സെക്കന്‍ഡെങ്കിലും മുന്‍പായി പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഓവര്‍ടേക്കിങ്ങിന് ശേഷം ഇടതുവശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തുകയും വേണം.