ട്രാക്ടർ നിർമാതാവ് ലംബോർഗിനിയുടെ പിതാവായ കഥ
ഡ്രൈവിങ് ഹരമാക്കിയവരുടെയും വാഹനങ്ങളെ പ്രണയിക്കുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളാണ് ലംബോർഗിനിയും റോൾസ് റോയിസുമൊക്കെ. സിനിമ താരങ്ങളും സാധാരണക്കാരുമുൾപ്പെടെ നിരവധി വാഹന പ്രേമികൾ അവർക്കിഷ്ടപെട്ട വാഹനങ്ങൾ വാങ്ങിക്കാറുണ്ട്. എന്നാൽ വണ്ടി വാങ്ങിക്കുന്നവരും വണ്ടിയെ സ്നേഹിക്കുന്നവരും അറിയേണ്ടതായി ചിലതുണ്ട്…ഈ വാഹനങ്ങൾ ഉണ്ടായതെങ്ങനെയെന്ന് ??…കാറുകൾക്ക് പിന്നിലെ രസകരമായ കഥ വായിക്കാം…
ഇറ്റാലിയൻ വ്യോമസേനയിൽ നിന്നു വിരമിച്ചു ട്രാക്ടർ നിർമാതാവായി മാറിയ ഫെറൂച്ചിയോ ലംബോർഗിനിയുടെ സംഭാവനയാണ് ലംബോർഗിനി. ഈ കാർ നിർമ്മിച്ചതിന് പിന്നിൽ ഒരു രസകരമായ കഥ കൂടിയുണ്ട്. രണ്ടാം ലോകമഹായുദ്ധമാണ് ഈ കഥയുടെ തുടക്കം. പഠന ശേഷം ഇറ്റാലിയൻ സേനയിൽ മെക്കാനിക്കായി ജോലിക്കു കയറിയ ഫെറൂച്ചിയോ ലംബോർഗിനി ഒരു ട്രാക്ടർ നിർമ്മിച്ചു. നാട്ടിലെ കർഷകർക്ക് വേണ്ടി ഉണ്ടാക്കിയ ഈ വാഹനം സ്വീകാര്യമായതോടെ ഇതിന് ആവശ്യക്കാരും കൂടി വന്നു. അങ്ങനെ യുദ്ധത്തിൽ തകർന്ന വാഹനങ്ങൾ മാത്രം നന്നാക്കിയിരുന്ന അദ്ദേഹത്തിന് ലംബോർഗിനി ട്രാക്ടർ ഫാക്ടറി തന്നെ ഉണ്ടായി.
വിപണിയിൽ ലംബോർഗിനി ട്രാക്ടറുകൾ വിപ്ലവം സൃഷ്ടിച്ച് തുടങ്ങിയതോടെ വാഹന പ്രേമിയായ ഫെറൂച്ചിയോ ആഡംബര കാറുകൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങി. ആൽഫാ റോമിയോയും മസെരാറ്റിയും പോലുള്ള നിർമിതികൾ സ്വന്തമാക്കിയ ഫെറൂച്ചിയോ ഒടുവിൽ ഫെറാറി വാങ്ങിക്കാൻ ഷോറൂമിൽ എത്തി.. ഇതായിരുന്നു ലംബോർഗിനിയിലേക്കുള്ള ആദ്യ ചുവടുവെപ്പിനാധാരം.
ഫെറാറിയുടെ 250 ജിടി കാർ അദ്ദേഹം സ്വന്തമാക്കിയെങ്കിലും അതിന്റെ നിർമ്മിതിയിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. കാറിന്റെ ക്ലച്ചിലും ഇന്റീരിയറിലുമൊക്കെ നിരവധി കുറവുകൾ കണ്ടെത്തിയ അദ്ദേഹം ഈ പരാതികളും നിർദ്ദേശങ്ങളുമായി ഷോറുമിലെത്തി. കാറിന്റെ സൃഷ്ടാവ് എൻസോ ഫെറാറിയെത്തന്നെയാണ് ലംബോർഗിനി സമീപിച്ചത്. പക്ഷെ അദ്ദേഹം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല എൻസോ ഫെറാറിയുടെ പ്രതികരണം.
ഒരു ട്രാക്ടർ നിർമാതാവിന്റെ പരാതിയെന്ന പരിഹാസത്തോടെ എൻസോ ഫെറാറി ആ നിർദേശങ്ങൾ തള്ളിക്കളഞ്ഞു. ഇതിൽ മനം നൊന്ത ലംബോർഗിനി തന്റെ ആഗ്രഹം പോലൊരു കാർ സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചു. അതോടെ ട്രാക്ടർ ഫാക്ടറി ലംബോർഗിനി ഓട്ടമൊബീൽ ആയി മാറി.
വാഹനം നിർമ്മിക്കാൻ സഹായത്തിനായി പ്രഫഷനൽ എൻജിനീയർമാരെയും, മധുര പ്രതികാരമെന്നോണം ഫെറാറിയിൽ ചെന്നപ്പോൾ തന്നെ കളിയാക്കി വിട്ട ഒരു എൻജിനീയറെയും ഒരുമിച്ചു ചേർത്ത് ലംബോർഗിനി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ചു. അങ്ങനെ പ്രതികാരത്തിൽ നിന്നും അദ്ദേഹത്തിന്റെ ആദ്യ കാർ രൂപപ്പെട്ടു. പേര് ലംബോർഗിനി ജിടിവി. വാഹനം പ്രതീക്ഷിച്ചതുപോലെ വിപണിയിൽ വിജയിച്ചു. എന്നാൽ ഫെറൂച്ചിയോ ലംബോർഗിനി മാത്രം ഈ വാഹനത്തിലും തൃപതനായില്ല. അങ്ങനെ അഴിച്ചുപണികൾക്ക് ശേഷം 400 ജിടിയായി വന്ന ലംബോർഗിനിക്ക് മികച്ച സ്വീകാര്യതയാണ് വാഹനപ്രേമികൾക്കിടയിൽ നിന്നും ലഭിച്ചത്.