അന്ന് അച്ഛന്റെ സിനിമയില്‍; വര്‍ഷങ്ങള്‍ക്കിപ്പുറം മകന്റെ സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ്‌

February 8, 2020

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ എന്ന സ്വപ്‌നവുമായി സുരേഷ് ഗോപി സത്യന്‍ അന്തിക്കാടിന്റെ സെറ്റിലെത്തി. മോഹന്‍ലാലിനെ നായകനാക്കി ‘ടി പി ബാലഗോപാലന്‍ എം എ’ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു ഈ സന്ദര്‍ശനം. ചിത്രത്തില്‍ സുരേഷ് ഗോപിക്കും ഒരു വേഷം കിട്ടി. നായകന്റെ സഹോദരിയെ പെണ്ണു കാണാന്‍ വരുന്ന ചെറുപ്പക്കാരന്റെ റോള്‍. പിന്നീട് സുരേഷ് ഗോപി വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. നായകനായെത്തിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘സമൂഹം’ എന്നീ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലും സുരേഷ് ഗോപി അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭത്തിലും താരമായിരിക്കുകയാണ് സുരേഷ് ഗോപി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ താരം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

Read more: അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

ദുല്‍ഖര്‍ സല്‍മാനാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായും ചിത്രത്തിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ ഒരു കുടുംബ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.