അണ്ടർ 19 ലോക കിരീടമുയർത്തി ബംഗ്ലാദേശ്; തോൽവിയിലും ഇന്ത്യക്ക് അഭിമാനമായി യശ്വസി ജെയ്സ്വാൾ

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കന്നിക്കിരീടം ഉയർത്തി ബംഗ്ലാദേശ്. ഇതാദ്യമായാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ നാല് തവണയും കിരീടം നിലനിർത്തിയ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം സ്വന്തമാക്കിയത്.
അതേസമയം, മഴയാണ് ഇന്ത്യക്ക് വില്ലന്മാരായത്. മൂന്നു വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് താരങ്ങൾ തകർത്തത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 178 റൺസാണ് ഉയർത്തിയത്. എന്നാൽ മഴയുടെ വരവോടെ വിജയലക്ഷ്യം 46 ഓവറിൽ 170 റൺസായി മാറ്റി. മൂന്നു വിക്കറ്റ് ബാക്കിയാക്കി ഇതോടെ ബംഗ്ലാദേശ് താരങ്ങൾ ആദ്യമായി അണ്ടർ 19 കിരീടം സ്വന്തമാക്കുകയായിരുന്നു.
ആകെ യശ്വസി ജെയ്സ്വാൾ മാത്രമാണ് ഇന്ത്യൻ താരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. എന്നാൽ യശ്വസിക്കൊഴികെ മറ്റാർക്കും തിളങ്ങാൻ സാധിക്കാതെ പോയത് വലിയ വീഴ്ചയായി.
തോൽവിയിലും ഇന്ത്യക്ക് അഭിമാനമായി മാറിയതും യശ്വസി ജെയ്സ്വാൾ ആണ്. 6 മത്സരങ്ങളിൽ നിന്നായി 400 റൺസുമായി അണ്ടർ 19 മത്സരത്തിൽ ടോപ് സ്കോററായി യശ്വസി.
Read More:ഓസ്കര് പുരസ്കാരങ്ങള്‍; ഒറ്റനോട്ടത്തില്‍
അതേസമയം, മഴ വില്ലനായ കളിയിൽ ഫൈനലിന് ശേഷം ബംഗ്ലാദേശ്- ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും അരങ്ങേറി. കളിയിലുടനീളം ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ താരങ്ങളോട് ക്ഷുഭിതരാകുകയും തട്ടിക്കയറുകയും ചെയ്തിരുന്നു. മത്സരത്തിനൊടുവിൽ ഇത് പരസ്പരം വാക്കേറ്റത്തിന് കാരണമായി.