അഭിനയത്തില്‍ അതിശയിപ്പിച്ച് ഇന്ദ്രന്‍സ്; ‘വെയില്‍മരങ്ങള്‍’ ട്രെയ്‌ലര്‍

February 18, 2020

രാജ്യാന്തര ചലച്ചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ‘വെയില്‍മരങ്ങള്‍’. ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ഡോക്ടര്‍ ബിജു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഇന്ദ്രന്‍സിന്റെ അതിശയിപ്പിക്കുന്ന അഭിനയപ്രകടനാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷണം.

കേരളത്തില്‍ നിന്നും ഹിമാചലിലേക്ക് പാലായനം ചെയ്യുന്ന ദളിത് കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മണ്‍റോ തുരുത്തിലും ഹിമാചലിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. അനന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം ജെ രാധാകൃഷ്ണന്റെ മനോഹര ഫ്രെയിമുകളും ട്രെയ്‌ലറില്‍ നിറഞ്ഞു നില്‍ക്കുന്നു.

Read more: കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ സേഫ് ലാന്‍ഡിങ്; പൈലറ്റിന്റെ അതിസാഹസികതയ്ക്ക് കൈയടി: വീഡിയോ

1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.

ഇന്ദ്രന്‍സിനൊപ്പം പ്രകാശ് ബാരെ, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ധനന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയ താരങ്ങളും വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഡേവിസ് മാനുവല്‍ സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു.