ആരാധകർ കാത്തിരുന്ന ചിത്രം പുറത്തുവിട്ട് വിജയ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തമിഴ് നടൻ വിജയ്യുടെ ആരാധക പിന്തുണ എത്രത്തോളം വിപുലമാണെന്ന് സിനിമ ലോകം തിരിച്ചറിയുകയായിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും അതിനെത്തുടർന്നുള്ള പ്രതിഷേധങ്ങളും ഒന്നടങ്ങിയപ്പോൾ വിജയ് തന്നെ ആരാധകർക്ക് നന്ദി അറിയിക്കാനും അവരെ നേരിൽ കാണാനും എത്തിയിരുന്നു.
‘മാസ്റ്റർ’ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ് തന്റെ കാരവാന് പുറത്ത് കയറി ആരാധകരെ അഭിസംബോധന ചെയ്യുകയും സെൽഫി പകർത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ആ സ്നേഹം നിറഞ്ഞ സെൽഫി പുറത്ത് വന്നിരിക്കുകയാണ്.
തടിച്ചുകൂടിയ ആയിരക്കണക്കിനാളുകളെ ഉൾപ്പെടുത്തി വിജയ് പകർത്തിയ ആ സെൽഫി അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടത്. ജനപിന്തുണ ആ ചിത്രത്തിൽ തന്നെ വ്യക്തമാണ്. എല്ലാവർക്കും നന്ദി അറിയിച്ച് ട്വിറ്ററിലാണ് വിജയ് സെൽഫി പങ്കുവെച്ചത്. നിർത്തിവെച്ച ‘മാസ്റ്റർ’ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്.
‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്ത്.
Read More:കൊറോണ: മരണം 1000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 108 പേർ
വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.
മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടക്കുന്നത്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.