മെലിഞ്ഞുണങ്ങിയ വിരൂപയെന്ന് കളിയാക്കിയവരോട് നിറചിരിയോടെ മറുപടി നല്കിയ ലിസി: അറിയണം ഈ ജീവിതം
‘ലിസി…’! ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും ഭംഗി കൂടുന്നൊരു പേര്. ശരിയാണ്, പേര് മാത്രമല്ല ഹൃദയംകൊണ്ട് അത്രമേല്‍ സുന്ദരിയാണ് ലിസി. ലിസിയുടെ കഥ പറഞ്ഞു തുടങ്ങുന്നതിന് ഒരല്പം വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോകണം.
അന്ന് ലിസിക്ക് പതിനേഴ് വയസ്സ് പ്രായം. ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നതിനെടെയാണ് ആ വീഡിയോ ഈ കൗമാരക്കാരിയുടെ കണ്ണിലുടക്കിയത്. ‘ലോകത്തിലെ ഏറ്റവും വിരുപയായ പെണ്‍കുട്ടി’ എന്ന ക്യാപ്ഷനോടെ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ മുഴുവന്‍ നിറഞ്ഞുനിന്നത് ലിസിയുടെ ദൃശ്യങ്ങള്‍. ആരും തകര്‍ന്നുപോയേക്കാവുന്ന നിമിഷങ്ങള്‍. ജീവിതകാലം മുഴുവന്‍ കണ്ണീരൊഴുക്കാന്‍ ചിലപ്പോള്‍ ഈ ഒരു ക്യാപ്ഷന്‍ മാത്രം മതിയാകും പലര്‍ക്കും. എന്നാല്‍ അവിടെയാണ് ലിസി വേറിട്ടു നില്‍ക്കുന്നത്. ആ വാക്കുകള്‍ക്ക് മുന്പില് നിറമിഴികളോടെ അടിയറവു പറയാന്‍ തയാറായിരുന്നില്ല ആ പെണ്‍കുട്ടി.
ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന് തന്നെ മുദ്രകുത്തിയവര്‍ക്കെതിരെ ചിരിച്ചുകൊണ്ട് പോരാടാനായിരുന്നു ലിസിയുടെ തീരുമാനം. അങ്ങനെ തന്റെ അപൂര്വരോഗത്തെക്കുറിച്ചും കളിയാക്കലുകളെക്കുറിച്ചുമെല്ലാം ലോകത്തെ ബോധവത്കരിച്ചുതുടങ്ങി ലിസി. ഇന്ന് ലോകത്തിലെതന്നെ അറിയപ്പെടുന്ന മോട്ടിവേഷ്ണല്‍ സ്പീക്കറാണ് ഇവര്‍.
മാര്ഫനോയ്ഡ് പ്രോജറോയിഡ് ലിപ്പോഡിസ്ട്രോഫി സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് ലിസിക്ക്. ശരീരം വണ്ണം വയ്ക്കാത്ത ഒരു അപൂര്‍വതരം ജനിതക രോഗമാണ് ഇത്. ലോകത്തില്‍തന്നെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലിസിക്ക് 25 വയസ്സായപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് ഈ രോഗാവസ്ഥ സ്ഥിരീകരിക്കാനായത്.
‘ഡെയര്‍ ടു ബി കൈന്‍ഡ്’ എന്ന ഒരു പുസ്തകവും രചിച്ചിട്ടുണ്ട് ലിസി. പുസ്തകത്തില്‍ മുഴുവന്‍ ലിസിയുടെ ജീവിതമാണ് നിഴലിച്ചിരിക്കുന്നതും. ലിസിയുടെ വലതുകണ്ണിന് കാഴ്ചയില്ല, ഇടതുകണ്ണിന്റെ കാഴ്ചയ്ക്കും പരിമിതികളുണ്ട്. ഹൃദയത്തിന്റെ വാല്‍വിനും തകരാറുണ്ട്. കൊഴുപ്പിന്റെ അഭാവത്താല്‍ പലപ്പോഴും കാലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നും ലിസി തന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു.
സത്യമറിയാതെ പലകഥകളും സോഷ്യല്‍മീഡിയയില്‍ മെനഞ്ഞെടുക്കുമ്പോള്‍ അത് പലരുടേയും ജീവിതത്തെ നൊമ്പരപ്പെടുത്തും എന്ന ഓര്‍മ്മപ്പെടുത്തലാണ് ലിസിയുടെ ജീവിതം. വിധി വില്ലനായപ്പോഴും തളര്‍ന്നില്ല ഈ പെണ്‍കരുത്ത്. ആത്മവിശ്വാസത്തോടെ ലിസി പോരാടുന്നു, നിറപുഞ്ചിരിയോടെ…