അല്ലു അർജുന്റെ സൂപ്പർ കൂൾ ചുവടുകളുമായി ഐമ റോസ്മി; വീഡിയോ
‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ അനിയത്തി വേഷത്തിലെത്തിയപ്പോഴാണ് ഐമ റോസ്മിയെ പ്രേക്ഷകർ ശ്രദ്ധിച്ചത്. ‘ദൂരം’ എന്ന ചിത്രത്തിലൂടെ ഇരട്ട സഹോദരിക്കൊപ്പമാണ് ഐമ സിനിമ ലോകത്തേക്ക് എത്തുന്നത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത ഐമ സമൂഹ മാധ്യമങ്ങളിൽ താരമാണ്.
നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെ ആണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഐമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അല്ലു അർജുൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഐമയാണ് താരമാകുന്നത്.
‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ ‘ഓ മൈ ഡിയർ ഗോഡ് ഡാഡി’ എന്ന ഗാനത്തിനാണ് ഐമ ചുവടുവയ്ക്കുന്നത്. അതിനൊപ്പം തന്നെ ‘പമ്പരം പോലെ ഞാൻ കറങ്ങി കറങ്ങി’ എന്ന വൈറൽ ഗാനത്തിനും നടി ചുവടുവയ്ക്കുന്നുണ്ട്.
‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിൽ ആണ് വിവാഹത്തിന് മുൻപ് ഐമ അഭിനയിച്ചത്. വളരെ ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രത്തിൽ നടിയുടേത്. മോഹൻലാലിന്റേയും മീനയുടെയും മകളുടെ വേഷത്തിലാണ് ഐമ എത്തിയത്.
വിവാഹ ശേഷം ‘പടയോട്ടം’ എന്ന ചിത്രത്തിലും നടി വേഷമിട്ടിരുന്നു. ഇപ്പോൾ ഭർത്താവ് കെവിന്റെ കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് നടി. വീക്കെൻഡ് ബ്ലോക്ബസ്റ്റർ എന്ന നിർമാണ കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് ഇപ്പോൾ ഐമ റോസ്മി.