‘ലൂസിഫർ’ സ്റ്റൈലിൽ കേരള പോലീസിന്റെ ‘കൊറോണയെ തുരത്തൽ’- ശ്രദ്ധേയമായി വീഡിയോ
കൊവിഡ്-19 ഭീതി പരത്തുമ്പോളും കേരള പോലീസിന്റെ ബോധവത്കരണങ്ങൾ ശ്രദ്ധേയമാകുകയാണ്. പാട്ടിലൂടെയും ചെറിയ വിഡിയോകളിലൂടെയും ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന കേരളം പോലീസിന്റെ പ്രവർത്തനങ്ങൾ കോറോണയ്ക്ക് എതിരെ വീണ്ടും ശക്തമാകുകയാണ്. ഇപ്പോൾ ‘ലൂസിഫർ’ സ്റ്റൈലിൽ ഒരുക്കിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
പോലീസ് സേനയിലുള്ളവർ തന്നെയാണ് വിഡിയോയിൽ അണിനിരക്കുന്നത്. കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ അംഗമായ അരുൺ ബി.റ്റി ആണ് വിഡിയോയുടെ സംവിധായകൻ.ജിബിൻ ജി. നായർ, വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവർ അഭിനയിച്ച വിഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രഞ്ജിത്താണ്.
കൊറോണ വൈറസ് ആക്രമിക്കാൻ വരുമ്പോൾ ആദ്യ പകച്ചു നിൽക്കുന്ന ആൾ പിന്നീട് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ വൈറസിനെ തുരത്തുന്നതാണ് പ്രമേയം.
‘ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും ..
നിലപാടുണ്ട് … നില വിടാനാകില്ല.. നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ.. ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു’. കേരളം പോലീസ് ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെയാണ്.
നിലവിൽ കേരളത്തിൽ നാൽപത് കൊറോണ ബാധിതരാണ് ഉള്ളത്. ആരോഗ്യരംഗവും പൊതുരംഗവും ശക്തമായ നടപടികളാണ് എടുത്തിരിക്കുന്നത്.