കാണാതാകുന്ന കുട്ടികൾ- ആശങ്ക വേണ്ട: കേരള പൊലീസ്

കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദേവനന്ദ എന്ന ആറുവയസുകാരിയുടെ മരണം ലോകത്തിന് മുഴുവൻ തീരാവേദനയായി മാറിയിരുന്നു. കുട്ടിയുടെ തിരോധാനം റിപ്പോർട്ട് ചെയ്തതുമുതൽ ലോകം മുഴുവനുമുള്ള മലയാളികൾ ഈ പിഞ്ചുകുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരുന്നിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമായ നിമിഷങ്ങളായിരുന്നു പിന്നീട്.
കാണാതാകുന്ന കുട്ടികളുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരം കാഴ്ചയും മാറുന്നതും ഏറെ വേദനയോടെയാണ് കേരളക്കര നോക്കികാണുന്നത്. എന്നാൽ കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകളിൽ അനാവശ്യ ആശങ്ക വേണ്ടായെന്ന് പറയുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകളും ആശങ്കകളും നിറഞ്ഞ ഒരു കാലമാണിത്. എല്ലാക്കാലത്തുമുണ്ടായിരുന്ന ഇത്തരം പേടിപ്പെടുത്തുന്ന വാർത്തകൾ ഓൺലൈൻ മീഡിയകളിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണ്. സംസ്ഥാനത്ത് കുട്ടികളുടെ കാണാതാകുന്ന സംബന്ധിച്ച പരാതികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ പരാതികളിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുമുണ്ട്. ബഹുഭൂരിപക്ഷം കേസുകളിലും കേസ് രജിസ്റ്റർ ചെയ്യുന്ന അന്ന് തന്നെയോ തൊട്ടടുത്ത ദിവസങ്ങളിലേ കുട്ടികളെ കണ്ടെത്തുന്നുമുണ്ട്. എന്നാൽ കാണാതാകുന്ന കുട്ടികളെയൊക്കെ തട്ടിക്കൊണ്ടുപോകുന്നതാണെന്ന തരത്തിലുള്ള പ്രചരണമാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഇത് മറ്റുരക്ഷാകർത്താക്കളിൽ നിറക്കുന്ന ആശങ്കയും ആധിയും ചെറുതല്ല.
ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കർ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥനക്കാർ തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ വ്യാപകമാകുകയാണ്. സമീപകാലത്തൊന്നും ഇത്തരത്തിൽ ഒരു കേസുപോലും കേരളത്തിൽ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. നാടോടി സ്ത്രീകളും ഇതര സംസ്ഥാന കച്ചവടക്കാരുമാണ് കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾക്കു പിന്നിലിലെന്ന മിഥ്യാധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എല്ലാവരും സംശയ ദൃഷ്ടിയോടെയാണ് ഇക്കൂട്ടരെ വീക്ഷിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും മലയാളികൾ തന്നെയാണ്.
പഠനസംബന്ധമായ പ്രശ്നങ്ങൾ, പ്രേമബന്ധങ്ങൾ, രക്ഷകർത്താക്കളുടെ ശകാരം, പീഡനം , വീട്ടുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, എന്നിവയാണ് കുട്ടികളുടെ ഒളിച്ചോട്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ. മൊബൈൽ ഉപയോഗിക്കാൻ കൊടുക്കാത്തതിനും, ടിവി കാണുന്നത് വിലക്കിയതിനുംവരെ വീട് വിട്ടിറങ്ങിയ കുട്ടികളുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സൗഹൃദവും മറ്റൊരു കാരണമാകുന്നുണ്ട്. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘര്ഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗവും. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുമ്പോൾ സ്വമേധയായോ ബന്ധുക്കൾക്കൊപ്പമോ മടങ്ങി വന്നു സ്റ്റേഷനിൽ ഹാജരാകുന്നവരുണ്ട്.
കഴിഞ്ഞ വര്ഷം (2019) സംസ്ഥാനത്തു 18 വയസിനു താഴെയുള്ള 1271ആൺകുട്ടികളെയും 1071 പെൺകുട്ടികളെയും കാണാതായത് സംബന്ധിച്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1240 ആൺകുട്ടികളെയും 1050 പെൺകുട്ടികളെയും പോലീസ് കണ്ടെത്തിയിരുന്നു. അതായത് 98ശതമാനം പേരെയും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താനാവാത്ത കേസുകളിൽ പ്രണയിച്ച് ഒളിച്ചോടിയ കുട്ടികളും, വിയ്യൂരിലെയും ചേവായൂരിലെയും ചിൽഡ്രൻസ് ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളും മലപ്പുറത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ കാണാതായ കുട്ടികളും ഉൾപ്പെടുന്നുണ്ട്. മാതാപിതാക്കളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കുട്ടികളെകാണാതായ പരാതികൾ തീർപ്പാക്കാനായിട്ടില്ല.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ മാതാപിതാക്കളായ നമുക്കോരുരുത്തർക്കും എന്ത് ചെയ്യാനാകും? ഇവിടെ കുട്ടികളെ തന്നെയാണ് ആദ്യം ബോധവത്ക്കരിക്കേണ്ടത്. അവർ തന്നെയാകണം അവരുടെ ആദ്യ രക്ഷകൻ. വളരെ ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളോട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാം. അപരിചതരായ ആളുകൾ അവരെ സമീപിക്കുമ്പോൾ എന്തൊക്കെ ചെയ്യണം എങ്ങനെയൊക്കെ പെരുമാറണം ഇതൊക്കെ അവരെ പഠിപ്പിക്കാം. കുട്ടികൾക്കും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. അവരുടെ ശക്തി അവരെ പറഞ്ഞ് ബോധ്യപ്പെടുത്താം