കൊവിഡ്- 19: മരണസംഖ്യ ഉയരുന്നു, 60 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേർ ചികിത്സയിൽ, ഇന്ത്യയിലും കനത്ത സുരക്ഷ
ചൈനയിൽ കണ്ടുതുടങ്ങിയ കൊറോണ വൈറസ് സാന്നിധ്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അറുപത് രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലാണ്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയിൽ ഇതുവരെ 52 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇറാനിൽ 66 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ 28 പേർ ഈ അസുഖത്തെ തുടർന്ന് മരിച്ചു.
അതേസമയം ഇന്ത്യയിൽ രണ്ടാമതും കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ വിമാനത്താവളങ്ങളിലെയും മറ്റും സുരക്ഷ കർശനമാക്കി. ഇന്ത്യയിൽ ഡൽഹി, തെലുങ്കാന എന്നിവടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും ഡൽഹിയിൽ എത്തിയ ഒരാൾക്കും, ദുബായിൽ നിന്ന് തെലുങ്കാനയിൽ എത്തിയ ആൾക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ആദ്യം കേരളത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ അത് പൂർണമായും ഭേദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇന്ത്യയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്ക് കർശന പരിശോധനയും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.