കൊവിഡ് 19: 7000 കടന്ന് മരണം; ജാഗ്രതയോടെ ലോകം
ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞു. ലോകം വൈറസ് വ്യാപനം തടയാന്‍ കനത്ത ജാഗ്രത തുടരുന്നുണ്ട്. എന്നാല്‍ കൊവിഡ് 19 മൂലമുണ്ടായ മരണനിരക്ക് 7000 കടന്നു. ഇതുവരെ 7007 പേരാണ് കൊവിഡ് 19 വൈറസ് ബാധമൂലം മരണപ്പെട്ടത്.
ചൈനയിലെ മരണ സംഖ്യ 3,213 ആണ്. ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. അതേസമയം ഇന്ത്യയിലും കേരളത്തിലും വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജിമ്മുകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടയ്ക്കണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. റസ്റ്റോറന്റുകള്‍ ഹാന്‍ഡ് വാഷ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നും സ്ഥിരമായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, ആലിംഗനം ഒഴിവാക്കുക എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.