കൊവിഡ് 19- വൈദ്യസഹായം തേടേണ്ടത് എപ്പോൾ
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് ആവശ്യം. സർക്കാരും ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്ന നിർദേശങ്ങൾ തള്ളിക്കളയാതെ കൃത്യമായി പാലിക്കണം. ഇതുവരെ സംസ്ഥാനത്ത് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൊതുപരിപാടികൾക്ക് കർശനമായ നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തി.
കൊവിഡ്- 19 പകരുന്ന രീതികൾ
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൂടുതൽ കൊവിഡ് 19 കേസുകളും ഇറ്റലിയിൽ നിന്നുവന്ന കുടുംബവുമായി അടുത്തിടപഴകിയവരാണ്. കൊവിഡ് 19 ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരും. രോഗി തുമ്മുമ്പോൾ അവരുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാറുണ്ട്. ഇതിൽ സപർശിച്ച ശേഷം ആ കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ ഒക്കെ തൊടുമ്പോഴാണ് രോഗാണുക്കൾ ആളുകളിലേക്ക് പരക്കുന്നത്. രോഗികളിൽ നിന്നും മൂന്ന് അടിയെങ്കിലും അകലത്തിൽ വേണം നിൽക്കാൻ.
പ്രതിവിധി
കൊവിഡ് 19 ന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ലക്ഷണങ്ങൾ
പനി, ചുമ, ക്ഷീണം എന്നിവയാണ് പൊതുവായുണ്ടാകുന്ന ലക്ഷണങ്ങൾ. എന്നാൽ മൂക്കടപ്പ്, തൊണ്ടവേദന, വയറിളക്കം, എന്നിവയും ചില കേസുകളിൽ കാണപ്പെടുന്നുണ്ട്. അതേസമയം ചിലരിൽ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
രോഗമുക്തി
രോഗികളിൽ 80 ശതമാനം ആളുകളും രോഗവിമുക്തരാകും. എന്നാൽ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. രോഗം ബാധിക്കുന്ന ആളുകളിൽ ആറിൽ ഒരാൾക്കാണ് രോഗം ഗുരുതരമാകും. എന്നാൽ പ്രായമായവർ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, ക്യാൻസർ രോഗികൾ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതകൾ കൂടുതലാണ്.
വൈദ്യസഹായം തേടേണ്ടത് എപ്പോൾ
ഈ ദിവസങ്ങളിൽ പരമാവധി പൊതു ഇടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ വീട്ടിൽ തന്നെ കഴിയുക. എന്നാൽ പനിയോ, ചുമയോ, ശ്വസിക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടുക. അതോടൊപ്പം എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ അധികൃതർ നൽകിയിരിക്കുന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. പൊതുസ്ഥലങ്ങളിലോ അസുഖബാധിതരുടെ അടുത്തോ ഇടപഴകേണ്ടി വന്നാൽ ഫേസ് മാസ്ക് നിർബന്ധമായും ധരിക്കുക. ശുചിമുറി ഉപയോഗത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകണം. കൈകളിൽ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക.
മൃഗങ്ങളിൽ നിന്ന് രോഗം പകരുമോ…?
വളർത്തുമൃഗങ്ങളിൽ നിന്ന് ഈ രോഗം പകരുന്നതായോ, മൃഗങ്ങളിൽ ഈ രോഗം കണ്ടെത്തിയതായോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.