സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്ന് മുതൽ അടച്ചിടും
കൊറോണ ഭീതിയെത്തുടർന്ന് സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്ന് മുതൽ താത്കാലികമായി അടച്ചിടും. കൂടുതല്‍ ആളുകള്‍ ഒരുമിച്ചെത്തുന്ന തിയേറ്ററുകളില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാലാണ് മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടണമെന്ന് സർക്കാർ അറിയിച്ചത്.
ഉത്സവങ്ങള്‍, കല്യാണം, പൊതുപരിപാടികള്‍ എന്നിങ്ങനെ ധാരാളം ആളുകള്‍ ഒരുമിക്കുന്ന പരിപാടികളൊക്കെ ഒഴിവാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും തീരുമാനമായിട്ടുണ്ട്. പരീക്ഷകള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാവരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ഒന്ന് മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ജനങ്ങൾ. ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൊവിഡ്- 19 രോഗ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിലടക്കം കർശനമായ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.