കൊവിഡ്- 19: സാനിറ്റൈസർ ഉപയോഗിക്കും മുൻപ് അറിയാൻ
ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തി കൊവിഡ്- 19 വ്യാപനം തുടരുകയാണ്. ആകെ മരണം 4202 ആയി. ചൈനയിൽ രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടെങ്കിലും ഇറ്റലിയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60 കഴിഞ്ഞു. സംസ്ഥാനത്ത് 14 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് കേരള സർക്കാർ.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിനുകളോ, മരുന്നുകളോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വൈറസിന്റെ വ്യാപനം തടയാൻ പ്രത്യേക കരുതൽ ആവശ്യമാണ്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ് വാഷിങ്.
വൈറസിന്റെ വ്യാപനം തടയാൻ എല്ലാവരും മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അറുപത് ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വേണം ഉപയോഗിക്കാൻ. കൈകളുടെ ഉള്ളിലും പുറംകൈയിലും വിരലുകൾക്കിടയിലും സാനിറ്റൈസർ തേയ്ക്കണം.
കൈകളിൽ ഇടുന്ന വള, വാച്ച്, മോതിരം എന്നിവ മാറ്റിയ ശേഷം വേണം സാനിറ്റൈസർ ഉപയോഗിക്കാൻ. ഇവയും പ്രത്യേകം വൃത്തിയാക്കണം. രോഗികളുടെ അടുത്ത് ഇടപഴകിയതിന് ശേഷം നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.
പൊതു ഇടങ്ങളിലെ ടാപ്പുകളിലും മറ്റും അണുക്കൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ കൈ കഴുകിയശേഷം ടാപ്പിൽ തൊടാതിരിക്കുക. അല്ലെങ്കിൽ ടിഷ്യു പേപ്പറോ മറ്റോ ഉപയോഗിച്ച് മാത്രം ടാപ്പ് തുറക്കുകയും അടക്കുകയും ചെയ്യുക.
കൊവിഡ്- 19 ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരും. രോഗി തുമ്മുമ്പോൾ അവരുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാറുണ്ട്. ഏകദേശം 24 മണിക്കൂറിലധികം അവയിൽ വൈറസിന് നിലനിൽക്കാനാകും. ഇതിൽ സപർശിച്ച ശേഷം ആ കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ ഒക്കെ തൊടുമ്പോഴാണ് രോഗാണുക്കൾ ആളുകളിലേക്ക് പരക്കുന്നത്. രോഗികളിൽ നിന്നും മൂന്ന് അടിയെങ്കിലും അകലത്തിൽ വേണം നിൽക്കാൻ.