നിറഞ്ഞ ചിരിയോടെ ഹൃദയത്തില്‍ നിന്നും നഞ്ചമ്മ പാടി; ഒരു കോടി കാഴ്ചക്കാര്‍: വീഡിയോ

March 17, 2020

ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനവും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. ഒരു കോടിയിലധികം പേരാണ് ഈ ഗാനം യുട്യൂബില്‍ കണ്ടത്. പാട്ടിന് അവസാനമുള്ള നഞ്ചമ്മയുടെ ചിരിയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ശ്രദ്ധ നേടിയതാണ് നഞ്ചമ്മ. സിനിമ നടനായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ കൂടുതലും പാടുന്നത്.

Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.