അനാവശ്യ യാത്രകൾ നടത്തുന്നവർ അറിയാൻ; വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും
കൊറോണ വൈറസ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശങ്ങൾ ഉണ്ട്. എന്നാൽ വിലക്ക് ലംഘിച്ച് യാത്രകൾ നടത്തുന്നവർക്ക് ഇനി മുതൽ പിടിവീഴും. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് പൊലീസ് തിരുമാനം. ഒരു തവണ തിരിച്ചയച്ച ശേഷവും നിയന്ത്രണങ്ങൾ ലംഘിച്ച് യാത്രകൾ നടത്തുന്നവർക്ക് എതിരെയാണ് നടപടി.
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും ആളുകൾ അനാവശ്യമായി നിരത്തിൽ ഇറങ്ങുന്നത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് പുതിയ തിരുമാനം. അതേസമയം ആശുപത്രി ആവശ്യത്തിനും അവശ്യവസ്തുക്കൾ വാങ്ങിക്കുന്നതിനും മാത്രമേ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാൻ അനുമതിയുള്ളു. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം എഴുതിനൽകണമെന്നും നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും അനാവശ്യ യാത്രകൾ പൊലീസിന്റെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ തീരുമാനം.