‘നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും’; റിലീസ് നീട്ടി ടൊവിനോ ചിത്രം

March 10, 2020

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സിനിമ തിയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നിർദ്ദേശം. ഈ സാഹചര്യത്തിൽ ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് റിലീസ് തിയതി നീട്ടിവച്ചു. ടൊവിനോ തോമസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് നീട്ടിയ വിവരം അറിയിച്ചത്.

“COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർ ഗങ്ങളിലൊന്നു കൂട്ടായ്മകളും മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞുകൊണ്ട്
നമ്മുടെ പുതിയ സിനിമ -“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് “-ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്ക് ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..”. ടൊവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

ടൊവിനോ തോമസും ഇന്ത്യ ജാർവിസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റോഡ് മൂവി വിഭാഗത്തിൽപ്പെടുന്നതാണ്. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ പ്രേക്ഷകരിലേക്കെത്തുന്നത്.