ഒരു വശത്ത് നിരീക്ഷണത്തിലുള്ളയാളുടെ മാനസികാവസ്ഥ, മറുവശത്ത് പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകള്‍- കൊവിഡ്-19 ആശങ്കയകറ്റാൻ ആരോഗ്യ വകുപ്പിന്റെ മാനസിക ആരോഗ്യ പദ്ധതി

March 14, 2020

ലോകമെമ്പാടും 122 രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധയിൽ ഇന്ത്യയും ആശങ്കയിലാണ്. 82 പേരാണ് ഇന്ത്യയിൽ കൊറോണ ബാധിതരായി ഉള്ളത്. കേരളത്തിൽ 22 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങളും ആശങ്കയിലാണ്. അസുഖ ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ബന്ധുക്കളും നിരവധി മാനസിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മാനസികാരോഗ്യ പദ്ധതി ശക്തമാക്കി.

വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 300 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 5500 ഓളം പേര്‍ വീട്ടിലെ നിരീക്ഷണത്തിലും ഉണ്ട്. മാനസികാരോഗ്യ പദ്ധതിയെ കുറിച്ച് ആരോഗ്യ മന്ത്രി ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

കേരളത്തില്‍ ഇതുവരെ 22 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിക്കുകയും രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 300 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 5500 ഓളം പേര്‍ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തി. വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2018 ലെ പ്രളയത്തിലും നിപാ വൈറസ് ബാധ സമയത്തും 2019ലെ ഉരുള്‍പ്പൊട്ടലിലും കൊവിഡ് -19 രോഗ ബാധയുടെ ഒന്നാംഘട്ടത്തിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും ഉരുള്‍പ്പൊട്ടലില്‍ അരലക്ഷത്തിലധികം പേര്‍ക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞു.

ഒരു വശത്ത് നിരീക്ഷണത്തിലുള്ളയാളിന്റെ മാനസികാവസ്ഥ മറുവശത്ത് പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകള്‍. അതേ സമയം ഇവരെപ്പറ്റിയുള്ള പ്രിയപ്പെട്ടവരുടെ ആശങ്കകള്‍… ഇതാണ് കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അവസ്ഥ. ഇങ്ങനെയൊരവസ്ഥയില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുക്കാനാണ് മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 150 ഓളം മാനസികോരോഗ്യ വിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതുവരെ 6450 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങളാണ് നല്‍കിയത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടുവാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്നു.

ഇതിന് പുറമെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നല്‍കുകയും ചെയ്യുന്നതിനൊപ്പം അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു പറ്റുന്നിടത്തോളം സേവനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഓരോ ജില്ലയിലും ഇതിനായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും ലഭ്യമാണ്.