നഞ്ചമ്മ പാടി ഹിറ്റാക്കിയ ഗാനം കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആലപിച്ച് ‘അയ്യപ്പനും കോശിയും’ താരം: വീഡിയോ

March 12, 2020

ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനവും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. നഞ്ചമ്മ പാടി ഹിറ്റാക്കിയ പാട്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആലപിച്ച് കൈയടി നേടുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ താരം നന്ദു ആനന്ദ്.

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയന്‍ കഥാപാത്രമായാണ് നന്ദു ആനന്ദ് എത്തിയത്. താരം പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെ പകര്‍ത്തിയതാണ് ഈ പാട്ടുപാടല്‍ വീഡിയോ.

Read more: പായല് പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്

അയ്യപ്പനും കോശിയും എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേതന്നെ നഞ്ചമ്മയുടെ പാട്ട് ശ്രദ്ധ നേടിയിരുന്നു. സിനിമ നടനായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ പാടുന്നത്. വാമൊഴിയായി കിട്ടിയതാണ് ഈ പാട്ടുകള്‍.