കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിച്ചത് വനപാലകര്‍; ശ്രദ്ധ നേടി നന്ദി അറിയിച്ച അമ്മയാന: വൈറല്‍ വീഡിയോ

March 20, 2020

പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ പലപ്പോഴും മനുഷ്യരെ വെല്ലാറുണ്ട് ചില മൃഗങ്ങള്‍. പ്രത്യേകിച്ച് ആനകള്‍. തലയെടുപ്പോടെ നില്‍ക്കുന്ന ഗജരാജവീരന്മാര്‍ക്ക് ആരാധകരും ഏറെയാണ്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രസകരവും കൗതുകം നിറഞ്ഞതുമായ ആനക്കഥകള്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് രണ്ട് ആന വിശേഷങ്ങളാണ്.

വനത്തിലൂടെ തന്റെ കൂട്ടത്തിനൊപ്പം നടന്നു നീങ്ങുകയായിരുന്നു ഒരു കുട്ടിയാന. ഇതിനിടെ കാല്‍ വഴുതി കുഴിയില്‍ വീണു. ആനക്കുട്ടി കുഴിയില്‍ വീണത് അറിഞ്ഞ് വനപാലകര്‍ അവിടെത്തി. പിന്നെ ആനക്കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം. ഏറെ നേരത്തെ പരിശ്രമം വേണ്ടി വന്നു കുട്ടിയാനയെ കുഴിയില്‍ നിന്നും കരകയറ്റാന്‍. ഈ നേരമത്രയും മറ്റ് ആനകള്‍ വനപാലകരെ ശല്യപ്പെടുത്താതെ അല്‍പം അകലെയായി മാറിനില്‍ക്കുകയായിരുന്നു.

Read more: നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍; കൈയടി നേടി കമ്മലും കൊലുസുമിട്ട കുട്ടി ആടുതോമ: വീഡിയോ

കുഴിയില്‍ നിന്നും പുറത്തെത്തിയ ഉടനെ ആനക്കുട്ടി മറ്റ് ആനകള്‍ക്ക് അരികിലേയ്ക്ക് ഓടിയെത്തി. ആനകള്‍ കുട്ടിയാനയെ ചേര്‍ത്തുപിടിച്ച് യാത്ര പുനഃരാരംഭിച്ചു.

അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയും ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഒരു കുട്ടിയാനയെ കുഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതാണ് ആ വീഡിയോയിലും. വീഡിയോയില്‍ അമ്മയാന രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള നന്ദി സൂചകമായി തിരിഞ്ഞു നിന്ന് തുമ്പിക്കൈ ഉയര്‍ത്തുന്നത് കാണാം. ഇത് അല്‍പസമയം അമ്മയാന ആവര്‍ത്തിക്കുന്നതും ദശ്യങ്ങളില്‍ വ്യക്തമാണ്. നിരവധിപ്പേരാണ് മനോഹരമായ ഈ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.