വളർത്തുമൃഗങ്ങൾക്കും തെരുവുനായകൾക്കും ഭക്ഷണം ഉറപ്പുവരുത്തണം: മുഖ്യമന്ത്രി
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വളർത്തുമൃഗങ്ങളുടെയും തെരുവുനായകളുടെയും കാര്യങ്ങൾ വളരെ മോശമായി, ഭക്ഷണം ലഭിക്കാതെ വന്നാൽ തെരുവ് നായകൾ അക്രമിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ അവയുടെ ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
അതേസമയം പലവ്യഞ്ജന കിറ്റുകൾക്കായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി ക്യാമ്പുകൾ ആരംഭിച്ചു. 4603 ക്യാമ്പുകളാണ് ഒരു ലക്ഷത്തിനാല്പത്തി നാലായിരത്തി ഒരുനൂറ്റി നാല്പത്തഞ്ച് തൊഴിലാളികൾക്കായി തുറന്നത്. കൊറോണ വൈറസ് ബാധയുടെ ഗൗരവം അറിയിക്കാൻ ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ലഘു വീഡിയോകളും ബ്രോഷറുകളും ലീഫ് ലൈറ്റുകളും നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഇന്ന് മാത്രം കേരളത്തിൽ 39 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 34 കേസുകളും കാസർകോട് ജില്ലയിൽ നിന്നാണ്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 164 ആയി.