‘സിനിമയുടെ ബ്രില്യന്‍സിന് കൈയടി’; ഫോറന്‍സിക്കിനെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍

March 3, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ‘ഫോറന്‍സിക്’ എന്ന ചിത്രം. നിരവധിപ്പേര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശനും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയദര്‍ശന്‍ ചിത്രത്തെ അഭിനന്ദിച്ചത്.

”ഫോറന്‍സിക് എന്ന സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷം. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍” പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും.

Read more: ഇത് പുതുചരിത്രം; രാജ്യറാണി എക്‌സ്പ്രസിനെ നയിച്ച് വനിതകള്‍: വീഡിയോ

‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് ഈ കഥാപാത്രം. മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.