സിനിമയിലെ ദിവസവേതനക്കാർക്ക് 10 ലക്ഷം രൂപ കൈമാറി നടന്മാരായ സൂര്യയും കാർത്തിയും

March 24, 2020

കൊവിഡ്-19 ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖലയും നിശ്ചലമായിരിക്കുകയാണ്. സിനിമ ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ ദിവസവേതനത്തിന് സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർ പ്രതിസന്ധിയിലായ സ്ഥിതിയാണ്. ഈ അവസരത്തിൽ സഹപ്രവർത്തകർക്ക് കരുതൽ ഒരുക്കിയിരിക്കുകയാണ് തമിഴ് സിനിമ താരങ്ങളായ സൂര്യയും കാർത്തിയും. നടൻ പ്രകാശ് രാജ് തന്റെ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്യുന്നവർക്ക് മെയ് വരെയുള്ള ശമ്പളം മുൻകൂറായി നൽകി മാതൃകയായിരുന്നു.

ഇപ്പോൾ സഹോദരങ്ങൾ കൂടിയായ സൂര്യയും കാർത്തിയും മുന്നിട്ട് വന്നിരിക്കുകയാണ്. അച്ഛൻ ശിവകുമാറിനൊപ്പം ചേർന്ന് 10 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് കൈമാറിയത്.

ഉപജീവന മാർഗം ഇല്ലാതായ ദിവസവേതനക്കാർക്ക് സഹായമാകാൻ താരങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സൂര്യയും കാർത്തിയും അച്ഛനൊപ്പം തുക കൈമാറിയത്.

വലിയ നഷ്ടമുണ്ടാകും, പക്ഷെ ഈ വിഷയത്തില്‍ നമ്മളെല്ലാവരും ഒന്നിച്ചു നില്‍ക്കണം. മറ്റുള്ള എന്തിനേക്കാളും പ്രധാനം ജീവനക്കാരുടെ സുരക്ഷയാണ്. എല്ലാ നിര്‍മ്മാതാക്കളും ടെക്‌നീഷ്യന്‍സും ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ച് സഹകരിക്കണമെന്നും ഫെഫ്‌സി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മറ്റു താരങ്ങൾക്കും മാതൃകയാണ് സൂര്യയുടെയും കാർത്തിയുടെയും പ്രവർത്തി. ഇതിനെ തുടർന്ന് കൂടുതൽ താരങ്ങൾ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഫെഫ്‍സി.