തിടുക്കം കാട്ടല്ലേ… ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കുന്നത് അപകടം: വീഡിയോ

March 13, 2020

അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. വാഹനം ഓടിക്കുന്നവര്‍ ഓരോ കാര്യത്തിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അത് വീട്ടിലാണെങ്കിലും റോഡുകളിലാണെങ്കിലും. വാഹനം തിരിക്കുമ്പോഴും റിവേഴ്‌സ് എടുക്കുമ്പോഴുമെല്ലാം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇത്തരം സമയങ്ങളിലെ ചെറിയ ഒരു അശ്രദ്ധ പോലും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം.

ഗതാഗത നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അറിവുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല എന്നതാണ് വാസ്തവം. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില വാഹനാപകടങ്ങളുടെ വീഡിയോകള്‍ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകള്‍ കാഴ്ചക്കാര്‍ക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നതും. നിയമലംഘനം മൂലമുണ്ടായ ഒരു അപകട വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അബുദാബി പൊലീസ്.

Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ

ചുവപ്പു സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. അശ്രദ്ധയാണ് ഈ അപകടത്തിന്റെ പ്രധാന കാരണം. ട്രാഫിക് ജംഗ്ഷനില്‍ വലതുഭാഗത്തേയ്ക്കുള്ള സിഗ്നല്‍ പച്ചയായിരുന്നു ഇടതു ഭാഗത്തേയ്ക്കുള്ള സിഗ്നല്‍ ചുവപ്പും. ഇതു ശ്രദ്ധിക്കാതെ ഇടതു ഭാഗത്തേയ്ക്ക് യാത്രതിരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ചുവപ്പു സിഗ്നല്‍ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അബുദാബി പൊലീസ്. അബുദാബിയില്‍ ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 1,000 ദിര്‍ഹമാണ് പിഴ. കൂടാതെ 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുകയും ചെയ്യും. വാഹനങ്ങള്‍ 30 ദിവസത്തേയ്ക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും.