ക്വാറന്റീൻ ഡേയ്സ് സ്പെഷ്യൽ; ഗിറ്റാർ വായിച്ച് ഉണ്ണി മുകുന്ദൻ, വീഡിയോ

കൊറോണക്കാലം ഏറെ ആശങ്കയുടെയും ഭീതിയുടെയും ദിനങ്ങളാണ്. എന്നാൽ ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ന നിർദ്ദേശങ്ങളും കരുതലയുമായ് സർക്കാരും അധികൃതരും നമ്മോടൊപ്പമുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വീട്ടിലിരിക്കുന്ന ഓരോ നിമിഷങ്ങളും എങ്ങനെ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കാത്ത രീതിയിൽ മനോഹരമാക്കാം എന്നതാണ് മിക്കവരുടെയും ചിന്ത.
സിനിമ- രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകൾ അവരുടെ കൊറോണക്കാലത്തെ വിനോദങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ക്വാറന്റീൻ ദിനത്തിലെ സ്പെഷ്യൽ വീഡിയോയുമായി എത്തുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വീട്ടിലിരുന്ന് ഗിറ്റാർ വായിക്കുകയാണ് താരം. ‘ഗിറ്റാറിനൊപ്പം ഞാൻ തന്നെ. ഹാപ്പി ക്വാറന്റീൻ ഡെയ്സ് സ്പെഷ്യൽ’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഇത്തരത്തിൽ ആനന്ദകരമായ കാര്യങ്ങൾ ചെയ്യാനാണ് മിക്കവരും കമന്റ് ചെയ്യുന്നത്. അതേസമയം ഈ ദിവസങ്ങളിൽ കനത്ത ജാഗ്രത വേണമെന്നും സ്വയം സൂക്ഷിക്കണമെന്ന തരത്തിലും കമന്റുകൾ എത്തുന്നുണ്ട്.