രസികന്‍ ഭാവങ്ങളുമായി താരങ്ങള്‍; ആ സുന്ദരഗാനം പിറന്നതിങ്ങനെ: മേക്കിങ് വീഡിയോ

March 2, 2020

മലയാളത്തിലെ താരങ്ങളും മക്കള്‍താരങ്ങളും അണിനിരന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്നതാണ് ഈ ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു ഗാനത്തിന്റെ മേക്കിങ് വീഡിയോ.

ചിത്രത്തിലെ ‘നീ വാ എന്‍ ആറുമുഖാ…’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ഗാനത്തിന്. മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയരായ അഞ്ച് പേരുടെ മക്കള്‍ അണി ചേര്‍ന്നിരിക്കുന്നു ഈ രംഗത്ത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും അനൂപ് സത്യനും പുറമെ, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത്തും ഗായകന്‍ ജി വേണു ഗോപാലിന്റെ മകന്‍ അരവിന്ദും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്.

Read more: “മാനത്തെ ചിറകുള്ള കരിങ്കുഴലീ മനസ്സിന്‍ മടിയിലേക്ക്…” നെഞ്ചോട് ചേര്‍ക്കുന്ന ഗാനങ്ങള്‍ക്ക് സുന്ദരമായൊരു കവര്‍

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.