കൊവിഡ് കാല നന്മ: കൈകൾ ഇല്ലാത്ത കുരങ്ങന് ഭക്ഷണം നൽകി പൊലീസുകാരൻ
കൊറോണ വൈറസ് വിതച്ച ദുരിതത്തിലൂടെയാണ് ലോകജനത കടന്നുപോകുന്നത്. നിരവധി ദുരന്തവാർത്തകൾക്കിടയിൽ നിന്നും വരുന്ന ചില വാർത്തകൾ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ഒരു കുരങ്ങിന് ഭക്ഷണം നൽകുന്ന ഒരു പൊലീസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്.
ഉത്തർപ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രണ്ടു കൈകളും ഇല്ലാത്ത ഒരു കുരങ്ങനാണ് പൊലീസുകാരൻ ഭക്ഷണം നൽകുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരൻ അതിനിടയിലാണ് പഴത്തിന്റെ തൊലി കളഞ്ഞ് കുരങ്ങിന് വായിൽവെച്ച് നൽകുന്നത്. മാസ്ക് ധരിച്ച് ഇരിക്കുന്ന പൊലീസുകാരന്റെ കൈയിൽ നിന്നും പഴം കഴിക്കുന്ന കുരങ്ങിന്റെ ദൃശ്യങ്ങൾക്ക് നിറഞ്ഞു കൈയടിക്കുകയാണ് സൈബർ ലോകം.
ലോക്ക് ഡൗണിനെ തുടർന്ന് മനുഷ്യനെപ്പോലെത്തന്നെ ഏറെ ദുരിതത്തിലൂടെയാണ് മൃഗങ്ങളും കഴിഞ്ഞുപോകുന്നത്. മനുഷ്യന്മാർ വീടുകളിൽ നിന്നും പുറത്തിറങ്ങാതായതോടെ തെരുവിൽ കഴിയുന്ന മൃഗങ്ങൾക്ക് വിശപ്പകറ്റുക എന്നത് വളരെ ദുരിതംനിറഞ്ഞ കാര്യമായി. ഈ സാഹചര്യത്തിൽ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നല്കണമെന്ന് അധികൃതർ പറഞ്ഞതനുസരിച്ച് മൃഗസംരക്ഷണ വകുപ്പും പൊലീസുകാരും രംഗത്തുണ്ട്.